തിരുവനന്തപുരം: ക്ഷേമ പെൻഷൻ കൈക്കൂലിയെന്ന് ആക്ഷേപിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാപ്പ് പറയണമെന്ന് സിപിഎം. കേരളത്തിലെ 62 ലക്ഷം കുടുംബങ്ങളുടെ നിത്യവൃത്തിക്ക് ഏറ്റവും സഹായകമായി സർക്കാർ നൽകുന്ന ക്ഷേമ പെൻഷനെ കൈക്കൂലിയെന്ന് പറഞ്ഞത് സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു.
ഒമ്പതു വർഷത്തിനിടെ 72,000 കോടി രൂപ ക്ഷേമ പെൻഷൻ നൽകാൻ മാത്രം മാറ്റിവച്ച സർക്കാരാണ് എൽഡിഎഫിന്റേത്. കേന്ദ്ര ഉപരോധം മൂലമുള്ള എല്ലാ ഞെരുക്കങ്ങൾക്കിടയിലും പാവങ്ങളുടെ വീടുകളിലേക്ക് പെൻഷൻ എത്തിക്കാനാണ് എല്ലാ കാലത്തും സർക്കാർ ശ്രമിച്ചത്.
നിവൃത്തികേടുകൊണ്ട് ചില മാസങ്ങളിൽ പെൻഷൻ വൈകിയപ്പോൾ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ കേരളം മറന്നിട്ടില്ല. കേരളത്തിന് അർഹമായ വിഹിതം തടഞ്ഞതും കിഫ്ബിയടക്കം പദ്ധതികളെ സംസ്ഥാന വായ്പാപരിധിയിൽ ഉൾപ്പെടുത്തിയതും ഉൾപ്പെടെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയ ഒരു ഘട്ടത്തിലും കോൺഗ്രസ് നേതാക്കളോ പ്രതിപക്ഷമോ കേന്ദ്രത്തിനെതിരെ പ്രതികരിച്ചില്ല. കേരളം ഞെരുങ്ങട്ടെയെന്ന നിലപാടിലായിരുന്നു അവരെന്നും സിപിഎം വിമർശിച്ചു.
എൽഡിഎഫ് സർക്കാർ വരുമാനം വർദ്ധിപ്പിച്ചും, പദ്ധതികൾ പുനക്രമീകരിച്ചും സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനും, ക്ഷേമപെൻഷൻ കുടിശിക സഹിതം എല്ലാമാസവും കൃത്യമായി വിതരണം ചെയ്യാനുമാണ് ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധിയായതിനാൽ മുണ്ട് മുറുക്കിയുടുക്കണമെന്ന മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന ജനം മറന്നിട്ടില്ല. 600 രൂപ മാത്രം പെഷനുണ്ടായിരുന്ന യുഡിഎഫ് ഭരണകാലത്ത് ഒരു രൂപ പോലും വർധിപ്പിച്ചില്ലെന്നു മാത്രമല്ല, 18 മാസം കുടിശ്ശികയിടുകയാണ് ചെയ്തത്. യുഡിഎഫ് ഭരണകാലത്തെ ദുരിതം തന്നെയാണ് കേരളത്തിൽ വേണ്ടതെന്നാണോ വേണുഗോപാൽ പറയുന്നതെന്ന് സിപിഎം ചോദിച്ചു.
2011 -16 ലെ ഒരു പൈസയും വിതരണം ചെയ്യാത്ത ദുരിതകാലം യുഡിഎഫിനെ വേട്ടയാടുന്നുണ്ടാകും. അക്കാലത്ത് യുഡിഎഫ് സർക്കാർ 34.43 ലക്ഷം പേർക്ക് ക്ഷേമ പെൻഷനായി ചെലവഴിച്ചത് 9,311 കോടിയാണെങ്കിൽ 62 ലക്ഷം പേർക്കായി 72,000 കോടിയാണ് എൽഡിഎഫ് സർക്കാർ നൽകുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ ക്ഷേമപെൻഷന് മാത്രമായി 40,000 കോടിയിലധികം ചെലവഴിച്ചു.
ക്ഷേമ പെൻഷനുകളുടെ ചരിത്രമെടുത്താലും ഇടത് സർക്കാരുകളുടെ പങ്ക് ആർക്കും തള്ളാനാകില്ല. 1980 ലെ നായനാർ സർക്കാരാണ് കർഷകത്തൊഴിലാളി പെൻഷൻ ആരംഭിച്ചത്. അത് പരിഷ്‌കരിച്ചത് 1987 ലെ എൽഡിഎഫ് സർക്കാരാണ്. 2016 ൽ 600 രൂപയായിരുന്ന പെൻഷൻ ഇപ്പോൾ 1600 ൽ എത്തി നിൽക്കുന്നു.
ക്ഷേമവും വികസനവും എൽഡിഎഫ് പ്രഖ്യാപിച്ച രീതിയിൽ നടക്കുന്നുവെന്നതാണ് കോൺഗ്രസ് നേതാക്കളെ ബുദ്ധിമുട്ടിക്കുന്നത് എന്ന് വ്യക്തം. പെൻഷൻ കൃത്യമായി കിട്ടുന്നതിന്റേയും കൺമുന്നിൽ കാണുന്ന വിവിധ വികസന പ്രവർത്തനങ്ങളടേയും പ്രതികരണങ്ങൾ സ്വാഭാവികമായും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് യുഡിഎഫ് ഭയപ്പെടുന്നുവെന്നാണ് കെ സി വേണഗോപാലിന്റെ പ്രസ്താവന തെളിയിക്കുന്നത്. തോൽവിയും ജയവും മറ്റും തിരഞ്ഞെടുപ്പുകളിൽ സ്വഭാവികമാണ്. അതിന്റെ പേരിൽ പാവങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന് വിളിച്ച് അപഹസിക്കുന്നത് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായാലും അംഗീകരിക്കാനാകില്ല. അത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്. തക്കതായ മറുപടി ജനം നൽകുമെന്നും സിപിഎം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |