സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നത് 450 മരങ്ങൾ
ആലപ്പുഴ: താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ അഞ്ചര സെന്റിൽ മിയാവാക്കി വനം. 112 ഇനങ്ങളിലായി 450 മരങ്ങൾ, ഔഷധച്ചെടികൾ. കുഞ്ഞുങ്ങളെപ്പോലെ ചേർത്തുനിറുത്തി പ്രകൃതിയെ സംരക്ഷിക്കുകയാണ് ജീവശാസ്ത്ര അദ്ധ്യാപകൻ റാഫി രാമനാഥ്.
ഒരു സ്ക്വയർ മീറ്ററിൽ അഞ്ച് മരം എന്ന തരത്തിൽ ഇടതൂർന്നാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. വിദ്യാവനത്തിന് ചുറ്റുവേലി കെട്ടി നെയിംബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഓരോ വൃക്ഷത്തൈയെക്കുറിച്ചും അറിയാൻ ബോർഡിൽ ക്യൂ ആർ കോഡുണ്ട്.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്ലാനിംഗ് ബോർഡ് അംഗമാണ് റാഫി രാമനാഥ്. ബ്ലോക്കിൽ മിയാവാക്കി വനം സ്ഥാപിക്കാനുള്ള പദ്ധതി സ്കൂൾ അധികൃതരുടെ പിന്തുണയോടെ വിദ്യാലയമുറ്റത്തേക്ക് മാറ്റുകയായിരുന്നു. വനം വകുപ്പിന്റെ സഹകരണത്തോടെ 2009ൽ മരം വച്ചുതുടങ്ങി.
പ്രധാനമന്ത്രിയുടെ പ്രശംസ
മരങ്ങളിൽ ആണി തറയ്ക്കുന്നതിനെതിരെ 2012ൽ കോടതിയുടെ അനുകൂല ഉത്തരവ് നേടിയെടുത്ത പ്രകൃതി സ്നേഹിയാണ് റാഫി. മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരവും ലഭിച്ചു. ജൈവവൈവിദ്ധ്യ ബോർഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷകനുളള സംസ്ഥാന പുരസ്കാരം, വനമിത്ര പുരസ്കാരം എന്നിവ നേടി. 'തളിര് നല്ല നാളെക്കായി' എന്ന ഡോക്യുമെന്ററി സംസ്ഥാന ബാലകൃഷിശാസ്ത്ര കോൺഗ്രസിൽ പുരസ്കാരം കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |