വെഞ്ഞാറമൂട്: ഗ്രാമങ്ങളിൽ ഇനി റമ്പൂട്ടാൻ വിളവെടുപ്പ്. ഒരുകാലത്ത് ഹൈറേഞ്ച് പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന റമ്പൂട്ടാൻ ഇന്ന് ഗ്രാമങ്ങളിലെ മിക്ക വീടുകളിലും സുലഭമാണ്. ചെറു കായ് ആകുമ്പോൾ തന്നെ ചെറുകച്ചവടക്കാർ വില ഉറപ്പിച്ച് വല വിരിക്കും. പാകമാകുമ്പോൾ വല മാറ്റി വിളവെടുക്കും. ഇത്തവണ മരങ്ങൾ കൂടുതലുണ്ടെങ്കിലും കായ്ഫലം കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. മഴയിൽ വിളവെത്തുന്നതിന് മുൻപേ കൊഴിഞ്ഞുപോയതാണ് തിരിച്ചടിയായത്. ഫലം കുറയുമെങ്കിലും വില കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ ലഭിക്കുമെന്നത് പ്രതീക്ഷയാണ്. ഗ്രാമങ്ങളിലെല്ലാം കൃഷി വ്യാപകമാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തുന്നവരും ഏറെയുണ്ട്. വർഷത്തിലൊരിക്കലാണ് വിളവെടുപ്പെങ്കിലും വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കുന്നത് റമ്പൂട്ടാൻ കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.
കിലോയ്ക്ക് 150 മുതൽ 200 രൂപവരെ
കായ്ഫലം നോക്കി വില
റബറിനേക്കാൾ ലാഭം
ഒരേക്കർ റബറിൽ നിന്ന് ഒരുവർഷം ലഭിക്കുന്ന ലാഭം അരലക്ഷം രൂപയിൽ താഴെയായിരിക്കും. എന്നാൽ റമ്പൂട്ടാൻ കർഷകർക്ക് ഒരു മരത്തിൽ നിന്നുതന്നെ കുറഞ്ഞത് 10,000 രൂപയെങ്കിലും ലഭിക്കാറുണ്ട്. പാങ്ങോട്,കല്ലറ,പാലോട്,ഭരതന്നൂർ,മുതുവിള ഭാഗങ്ങളിലാണ് കർഷകരേറെയുള്ളത്. റമ്പൂട്ടാൻ വിളവെടുപ്പുകാലം എത്തുന്നതോടെ മൊത്തക്കച്ചവടക്കാരെത്തി കായ്ഫലം നോക്കി വില പറയുകയാണ് രീതി. വിളവെടുപ്പുകാലത്ത് കിലോയ്ക്ക് 150 മുതൽ 200 രൂപ വരെ വിപണിയിൽ വിലയുണ്ടാകും.
ആവശ്യക്കാരേറെ
എൻ 18,വലിപ്പമുള്ളതും കുരുവിൽ നിന്ന് പെട്ടെന്ന് അടർത്തിയെടുക്കാവുന്നതുമായ എൻ 18 വിഭാഗത്തിൽപ്പെട്ട റമ്പൂട്ടാൻ പഴത്തിനാണ് പ്രിയം. ഇവ തൂക്കത്തിലും മികച്ചു നിൽക്കും. 18 കായ്കളുണ്ടെങ്കിൽ ഒരു കിലോഗ്രാം തൂക്കമാകും. മധുരത്തിൽ മുന്നിൽ നിൽക്കുന്ന ഇ 35 ഇനത്തിനും വിപണിയിൽ ആവശ്യക്കാരുണ്ട്. ചെറിയ കായ്കളാണെങ്കിലും വിലയിൽ കുറവുണ്ടാകാറില്ല. ചുവപ്പ്, മഞ്ഞ നിറങ്ങളിൽ ഉള്ളവയാണ് ഇവിടെ സാധാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |