കിളിമാനൂർ: വീടുകളിൽ പട്ടിണിയാണെങ്കിലും വേനലവധിക്ക് ശേഷം സ്കൂൾ തുറന്ന് പാചകത്തൊഴിലാളികളെത്തി പാചകവും തുടങ്ങി. കുറഞ്ഞ വേതനമാണെങ്കിലും സ്‌കൂൾ പാചകത്തൊഴിലാളികൾക്കത് അന്യമായിട്ട് രണ്ട് മാസമായി. 600 രൂപയാണ് ദിവസ വേതനം.ഒരു മാസം ശരാശരി 13,200 രൂപ. ഇനിയെങ്കിലും കിട്ടാനുള്ള പണം തരുമോയെന്നാണ് അവരുടെ ചോദ്യം.സ്കൂൾ തുറപ്പ്, ലോൺ തിരിച്ചടവ് തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്നവരാണേറെയും. മരുന്നു വാങ്ങാൻ പോലും കടം വാങ്ങേണ്ട സ്ഥിതി. തൊഴിലാളികളിൽ പകുതിയിലേറെയും 50 കഴിഞ്ഞവരാണ്. വർഷങ്ങളായി ഇതേ ജോലിയിൽ തുടരുന്നവരും. ഉച്ചക്കഞ്ഞിയുടെ സമയമാവുമ്പോൾ വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും സ്‌കൂൾ കുട്ടികളെ ഓർത്താണ് പലരും എത്തുന്നത്. ഓണത്തിന് ബോണസുണ്ടെങ്കിലും തുച്ഛമായ തുകയാണ്. അവധിക്കാലത്തെ സമാശ്വാസതുക പോലും ലഭിച്ചിട്ടില്ല.
മറ്റ് ജോലികൾക്കും
പോകാനാവാതെ
ഒരു മാസത്തിൽ പരമാവധി 21-22 പ്രവൃത്തിദിനങ്ങളാണുള്ളത്. ഉച്ചകഴിയുംവരെ ജോലിയുള്ളതിനാൽ മറ്റ് ജോലികൾക്ക് പോയി അധികവരുമാനമുണ്ടാക്കാനും ഇവർക്ക് അവസരമില്ല. ഹെൽത്ത് കാർഡിനും അല്ലാതെ വർഷത്തിൽ രണ്ട് പ്രാവശ്യം നടത്തുന്ന ആരോഗ്യപരിശോധനയ്ക്കും സ്വന്തം കൈയിൽനിന്നാണ് പണം മുടക്കേണ്ടത്. സ്‌കൂളിലെ ഉച്ചഭക്ഷണ നടത്തിപ്പിനായി പ്രഥമാദ്ധ്യാപകർക്ക് അനുവദിക്കുന്ന തുകയും വൈകുകയാണ്. പലരും സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് സാധനങ്ങൾ വാങ്ങിയിരുന്നത്. എല്ലാ ദിവസവും തോരൻ,ഒഴിച്ചുകറി എന്നിവയും ചൊവ്വ,ബുധൻ,വ്യാഴം ദിവസങ്ങളിൽ മുട്ട,പാൽ,ഏത്തയ്ക്ക എന്നിവയുമാണ് നൽകേണ്ടത്.
ആവശ്യങ്ങൾ
സ്‌കൂൾ ജീവനക്കാരായി അംഗീകരിക്കണം
പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നൽകുക
മാസത്തിലെ ആദ്യആഴ്ചയിൽ ശമ്പളം നൽകുക
150കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതം
തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നൽകുക
ഉച്ചഭക്ഷണ പദ്ധതിക്ക് മതിയായ തുക അനുവദിക്കണം
ഒറ്റയ്ക്ക് ഭക്ഷണമൊരുക്കുക പ്രയാസമായതിനാൽ പലരും സഹായിയെ വയ്‌ക്കുന്നുണ്ട്. അവർക്കും കൈയിൽ നിന്നും പൈസ കൊടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |