പത്തനംതിട്ട: പരിസ്ഥിതി ദിനത്തിൽ വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി ( സാമൂഹിക വനവൽകരണ വിഭാഗം) വിഭാഗം ഓഫീസിലുണ്ടാകുന്ന തിരക്ക് ഇത്തവണയുണ്ടാകില്ല. പരിസ്ഥതി ദിനത്തിന് മുന്നോടിയായുള്ള സൗജന്യ വൃക്ഷത്തൈ വിതരണവും ഇത്തവണയില്ല. തൈകൾ മുളപ്പിച്ച് എടുക്കാൻ വനംവകുപ്പിന് സർക്കാർ ഫണ്ട് നൽകിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. മുൻ വർഷങ്ങളിൽ നാല് ലക്ഷത്തിലേറെ തൈകൾ മുളപ്പിച്ച് സൗജന്യമായി വിതരണം ചെയ്തിരുന്ന ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ കലഞ്ഞൂർ വാഴപ്പാറയിലെ സ്വന്തം നഴ്സറിയിൽ ഇത്തവണ മുളപ്പിച്ചത് പതിനായിരം മാത്രം. തേക്കും ആര്യ വേപ്പും ഞാവലും മാത്രമാണ് വിതരണത്തിനുള്ളത്.
വൃക്ഷത്തൈകൾക്ക് വേണ്ടി പഞ്ചായത്തുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സോഷ്യൽ ഫോറസ്ട്രിയിലേക്ക് വലിയ തോതിൽ അപേക്ഷകളെത്തി. ഇത്തവണ പതിനായിരം തൈകൾ മുളപ്പിച്ചെടുത്തത് വനവകുപ്പിന്റെ സ്വന്തം ഫണ്ടു കൊണ്ടാണ്. അപേക്ഷ നൽകിയ സ്ഥാപനങ്ങൾ മുൻവർഷങ്ങളിൽ ശരാശരി ആയിരം തൈകൾ സൗജന്യമായി കൊണ്ടുപോകുമായിരുന്നു. ഇത്തവണ ഒരു സ്ഥാപനത്തിന് നൂറിനും നൂറ്റൻപതിനുമിടയിലാണ് സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് നൽകുന്നത്.
ക്ളാസുകൾ തുടങ്ങി
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ളാസുകൾ, ശുചീകരണ പരിപാടികൾ, ക്വിസ് മത്സരങ്ങൾ എന്നിവയാണ് സാമൂഹിക വനവൽക്കരണ വിഭാഗം നടത്തുന്നത്. റാന്നി, കോന്നി വനം ഡിവിഷനുകളുടെ പരിധിയിലെ സ്കൂൾ, കോളജ്, ക്ളബുകൾ തുടങ്ങിയവയുടെ സഹകരണത്തോടയാണ് പരിപാടികൾ
വിലയ്ക്ക് വാങ്ങാം തേക്ക് തൈകൾ
തേക്ക് തൈകൾ മുളപ്പിച്ചത് സോഷ്യൽ ഫോറസ്ട്രിയിൽ വിൽപ്പനയ്ക്കുണ്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചതാണ് വിത്തുകൾ. ഒരു തൈക്ക് 15രൂപയാണ് വില. ഇത്തരം തൈകൾക്ക് എല്ലാ കാലത്തും ആവശ്യക്കാരുണ്ടെന്ന് സോഷ്യൽ ഫോറസ്ട്രി വിഭാഗം കോർഡിനേറ്റർ വി.എസ്.ഷുഹൈബ് പറഞ്ഞു.
മുൻ വർഷങ്ങളിൽ ജില്ലയിൽ സൗജന്യമായി
വിതരണം ചെയ്തത് നാല് ലക്ഷം തൈകൾ
ഇത്തവണ വിതരണത്തിന് 10000.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |