കോന്നി : വിശ്രമജീവിതത്തിൽ വിശ്രമമില്ലാതെ മരങ്ങൾ നട്ടുവളർത്തി പരിപാലിക്കുകയാണ് പരിസ്ഥിതി പ്രവർത്തകനും മുൻവനംവകുപ്പ് ഉദ്യോഗസ്ഥനുമായ ചിറ്റാർ ആനന്ദൻ. വനമേഖലയോട് ചേർന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന ഇദ്ദേഹം വനംവകുപ്പിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറായി വിരമിച്ചെങ്കിലും പ്രകൃതിയോടും മരങ്ങളോടുമുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു. കോന്നി മാങ്കുളത്തുള്ള ഋതുരംഗം വീടിന്റെ പരിസരം മുഴുവൻ വൃക്ഷങ്ങളും ചെടികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദിവസവും രാവിലെ ഇവിടെയെത്തുന്ന പക്ഷികൾക്ക് ആഹാരവും വെള്ളവും നൽകാറുണ്ട്. വീട്ടുമുറ്റത്ത് തന്നെ ചെറുതേൻ ഈച്ചകളെയും വളർത്തുന്നു. മുറ്റത്തെ മരങ്ങളിൽ കൂടുതലും വനവൃക്ഷങ്ങളാണ്. കോന്നി ഡിവൈ എസ് പി ഓഫീസിന്റെ പരിസരത്തെ വൃക്ഷങ്ങൾ ഇദ്ദേഹം നട്ടുവളർത്തിയതാണ്.
സ്പാരോ നേച്ചർ ഫോറം എന്ന പരിസ്ഥിതി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ ആനന്ദൻ കല്ലാറിൽ നിന്ന് അപ്രത്യക്ഷമായ കല്ലൂർ വഞ്ചി എന്ന ഔഷധസസ്യവും മിസ് കേരള എന്ന മത്സ്യത്തെയും തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അങ്ങാടിക്കുരുവികൾക്കായി ഇദ്ദേഹം കൂടുകൾ നിർമ്മിച്ചു നൽകിയിട്ടുമുണ്ട്.
കോന്നി വനമേഖലയെപ്പറ്റി കോന്നി ഇക്കോ ടൂറിസം സെന്ററിനുവേണ്ടി മലയാളത്തിലും ഇംഗ്ലീഷിലും ഡോക്യുമെന്ററിയും നിർമ്മിച്ചു. കൂടാതെ ഫോറസ്റ്റ് സ്റ്റേഷൻ ഇൻ കേരള, ചിറ്റാറിലെ പരിസ്ഥിതി പ്രശ്നങ്ങൾ, അങ്ങാടിക്കുരുവികൾ, ഹൗസ് സ്പാരോ എന്നീ ഡോക്യുമെന്റുകളും നിർമ്മിച്ചു. ആകാശവാണിയിലും ദൃശ്യമാദ്ധ്യമങ്ങളിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ നടത്തിയിട്ടുമുണ്ട്.
എഴുത്തിന്റെ വഴിയിലും
സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം നേടിയ ആനന്ദൻ ആനക്കാഴ്ചകളുടെ കാണാപ്പുറങ്ങൾ, എലിഫന്റ് റഫറൻസ്, ശ്രീനാരായണഗുരുവും പരിസ്ഥിതിയും, ഒരു വനം വന്യജീവി, കാലം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ആരണ്യകം മാസികയിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതാറുണ്ട്. നിരവധി പരിസ്ഥിതി കവിതകളും ഗാനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം ക്ലാസുകൾക്കും നേതൃത്വം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |