ആലപ്പുഴ: പരിസ്ഥിതി ദിനത്തിലെ വൃക്ഷത്തൈ വിതരണം പരാജയമാണെന്ന തിരിച്ചറിവിൽ വനം വകുപ്പ് ഇത്തവണ പദ്ധതി ഉപേക്ഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകളുടെ വിതരണം സംബന്ധിച്ച് യാതൊരു അറിയിപ്പും മേലധികാരികളിൽ നിന്ന് വനംവകുപ്പ് ജില്ലാ ഓഫീസിന് ലഭിച്ചിട്ടില്ല.
പകരം ഹരിതകേരളം പദ്ധതി വഴി നവംബറിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യാനാണ് തീരുമാനം. ജില്ലയിൽ ഇന്ന് വനം വകുപ്പ് നേരിട്ട് തൈകൾ വിതരണം നടത്തുന്നില്ലെങ്കിലും വേമ്പനാട് നേച്ചർ ക്ലബ്ബുമായി സഹകരിച്ച് സ്കൂളുകളിലും ആശുപത്രികളിലും ക്ലബ്ബുകളിലും തൈകൾ എത്തിക്കും. നേച്ചർ ക്ലബ്ബ് കൈമാറുന്ന തൈകളാണ് നൽകുക. ദിനാചരണത്തിന്റെ ഭാഗമായി തൈകൾ നട്ടുപോകുന്നതല്ലാതെ, സംരക്ഷിക്കപ്പെടുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് വൃക്ഷത്തൈ വിതരണം ക്രമേണ നിറുത്തലാക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്ത് സെൻട്രൽ നഴ്സറികളുള്ള വനം ഓഫീസുകളിൽ മാത്രമായിരിക്കും ഇന്ന് തൈ വിതരണം ഉണ്ടായിരിക്കുക. അതും എണ്ണം ചുരുക്കിയാവും നൽകുക.
മിയാവാക്കി ,വിദ്യാവനങ്ങൾ പ്രോത്സാഹിപ്പിക്കും
താരതമ്യേന പരിമിതമായ സ്ഥലം മാത്രം ആവശ്യമുള്ള മിയാവാക്കി വനം പദ്ധതിയും, വിദ്യാവനം പദ്ധതിയും ജില്ലയിൽ പ്രോത്സാഹിപ്പിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി
ദേശീയപാത നിർമ്മാണത്തിനായി മുറിച്ചുമാറപ്പെട്ട 8900ത്തോളം മരങ്ങൾ ക്ക് തത്തുല്യമായവ വെച്ചുപിടിപ്പിക്കാൻ ജില്ലയിൽ സ്ഥലം ലഭ്യമല്ല
ഈ കുറവാണ് കൂടുതൽ മിയാവാക്കി വനങ്ങളിലൂടെ മറികടക്കുക. 2021 - 2022 സാമ്പത്തികവർഷം സംസ്ഥാനത്ത് ഏറ്റവുമധികം മിയാവാക്കി വനങ്ങൾ നിർമ്മിച്ച ജില്ലയാണ് ആലപ്പുഴ
സ്ഥലപരിമിതിയും സാമ്പത്തിക പ്രതിസന്ധിയും മൂലം കഴിഞ്ഞ വർഷം ജില്ലയിൽ ഒരിടത്ത് പോലും പുതുതായി വനവത്ക്കരണം നടന്നിട്ടില്ല
ലഭ്യമാകുന്ന ഭൂമിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ചെറുവനങ്ങൾ സൃഷ്ടിക്കുന്നതാണ് മിയാവാക്കി വനം പദ്ധതി
നഗരസഭാ, കോർപ്പറേഷൻ തലങ്ങളിൽ വനം വികസിപ്പിക്കാൻ നഗരവനം, നഗരവാടിക പദ്ധതികളുമുണ്ട്. എന്നാൽ, കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമി ജില്ലയിലില്ല.
ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി തുറമുഖ മ്യൂസിയത്തോട് ചേർന്ന് 20 സെന്റിലും ജില്ലാ പൊലീസ് എ.ആർ ക്യാമ്പിലെ 5 സെന്റിലുമാണ് അവസാനമായി മിയാവാക്കി വനമൊരുക്കിയത്.
ജില്ലയിൽ വിദ്യാവനങ്ങൾ
14
ചെറിയ സ്ഥലപരിമിതിയിൽ കൂടുതൽ മിയാവാക്കി, വിദ്യാവനങ്ങളാണ് ജില്ലയിൽ ലക്ഷ്യമിടുന്നത്. ജനങ്ങളും ഇത്തരം വനവത്ക്കരണത്തോട് താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്
- സുമി ജോസഫ്, ജില്ലാ ഫോറസ്റ്റ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |