തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളേജുകൾക്ക് ഈമാസം 10ന് മുമ്പ് നഴ്സിംഗ് കൗൺസിലിന്റെ താത്കാലിക അഫിലിയേഷൻ നൽകാൻ ധാരണ. ഇന്നലെ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത്. തുടർന്ന് മാനേജ്മെന്റുകൾക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിക്ക് മുമ്പാകെ പ്രോസ്‌പെക്ടസ് സമർപ്പിച്ച് അനുമതി വാങ്ങാം. ഇത് ലഭിച്ചാൽ മാത്രമേ നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാനാകൂ. അഫിലിയേഷൻ നൽകാത്തതിനാൽ മാനേജ്മെന്റ് സീറ്റ് പ്രവേശനം പ്രതിസന്ധിയിലായെന്ന് കേരളകൗമുദി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
പ്രവേശനം നീളുന്നതിനാൽ വിദ്യാർത്ഥികളും ആശങ്കയിലായിരുന്നു. നഴ്സിംഗ് കൗൺസിൽ അംഗങ്ങളുടെ കാലാവധി കഴിഞ്ഞതിനാൽ യോഗം ചേരാത്തതാണ് ഇക്കുറി കോളേജുകളുടെ അഫിലിയേഷൻ നടപടി നീണ്ടത്. പുതിയ കൗൺസിൽ വരുമ്പോൾ കോളേജുകളിൽ പരിശോധന നടത്താമെന്ന ഉപാധിയോടെയാണ് താത്കാലിക അഫിലിയേഷൻ നൽകുക. സംസ്ഥാനത്ത് മാനേജ്മെന്റ് സീറ്റ് പ്രവേശനം വൈകുന്നത് മുതലെടുത്ത് അയൽ സംസ്ഥാനങ്ങളിലെ ഏജന്റുമാർ സജീവമായിരുന്നു.
അപേക്ഷാ തീയതി
17വരെ നീട്ടി
സർക്കാർ നഴ്സിംഗ് സീറ്റുകളിലേക്ക് എൽ.ബി.എസിലൂടെ അപേക്ഷിക്കാനുള്ള സമയം 17വരെ നീട്ടാനും തീരുമാനിച്ചു. ഏഴ് വരെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |