ബംഗളൂരു: റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ ഐ.പി.എൽ കിരീടാഘോഷം വൻ ദുരന്തത്തിൽ കലാശിച്ചു. പ്രിയതാരങ്ങള കാണാൻ ആരാധകർ തിക്കിത്തിരക്കിയതോടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയ പരിസരം മരണക്കളമായി. ചവിട്ടേറ്റും ശ്വാസം കിട്ടാതെയും 11 പേർക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി ശിവലിംഗവും 14 വയസുള്ള പെൺകുട്ടിയുമടക്കമാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റു. നഗരത്തിലെ വിവിധ ആശുപത്രികളിലുള്ള ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കാം.
സംഘാടനപ്പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 40,000 പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തോളം ആരാധകരാണ് ഒഴുകിയെത്തിയത്. ഏതു ഗേറ്റിലൂടെ പ്രവേശനമെന്നോ പാസ് വേണമെന്നോ അറിയിച്ചിരുന്നില്ല. സൗജന്യ പ്രവേശനമെന്ന് കരുതിയെത്തിയവർ ഒരു ഗേറ്റ് തുറന്നതോടെ തിക്കിത്തിക്കി. വീണുപോയവരാണ് ദുരന്തത്തിനിരയായത്. സ്റ്റേഡിയം കോമ്പൗണ്ടിലെ ഓട തകർന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മജിസ്ട്രേറ്രുതല അന്വേഷണം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവും സർക്കാർ വഹിക്കും. ചൊവ്വാഴ്ച രാത്രി പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ചാണ് ആർ.സി.ബി 18 സീസണുകളുടെ കാത്തിരിപ്പിന് ശേഷം ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്. ഇന്നലെ ഉച്ചയോടെയാണ് ടീമംഗങ്ങൾ കപ്പുമായി ബംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ടീമിനെ സ്വീകരിച്ചു. വൈകിട്ട് വിധാൻ സഭയിൽ (നിയമസഭ) എത്തിയ ടീമിനെ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും എം.എൽ.എമാരും ചേർന്ന് സ്വീകരിച്ചു.
വിധാൻസഭയിൽ നിന്ന് തുറന്ന ബസിൽ അടുത്തുതന്നെയുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാൽ സുരക്ഷാപ്രശ്നങ്ങളും മഴയും കാരണം ട്രാഫിക് പൊലീസ് ഇതിന് അനുമതി നിഷേധിച്ചു. ഇതറിഞ്ഞതോടെ, റോഡിന് ഇരുവശവും കാത്തുനിന്ന ആരാധകർ സ്റ്റേഡിയത്തിലേക്ക് കൂട്ടത്തോടെ പാഞ്ഞു. തിക്കിത്തിരക്ക് നിയന്ത്രണാതീതമാകാൻ ഇതും കാരണമായി.
രണ്ട് ആഘോഷം, വി.ഐ.പി
സുരക്ഷയ്ക്ക് പോയി പൊലീസ്
1. കാത്തുകാത്തിരുന്ന് കിരീടം കിട്ടിയത് ആഘോഷമാക്കാനുള്ള ടീം മാനേജ്മെന്റിന്റെയും കർണാടക ക്രിക്കറ്റ് അസോസിയേഷന്റെയും ആവേശമാണ് അപകടത്തിന് വഴിതുറന്നത്
2. രണ്ട് പരിപാടികളാണ് നിശ്ചയിച്ചത്. വിധാൻ സഭയിലും ചിന്നസ്വാമിയിലും. മുഖ്യമന്ത്രി അടക്കം വി.ഐ.പികൾ വിധാൻ സഭയിലായതിനാൽ പൊലീസ് കൂടുതലും അവിടെയായിരുന്നു
3. ചിന്നസ്വാമിയിലെ പരിപാടി കാണാൻ ഉച്ചയ്ക്ക് മുമ്പേ ജനസാഗരമെത്തിയിരുന്നെങ്കിലും നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസോ സംഘാടകരോ ഉണ്ടായിരുന്നില്ല
ഗേറ്റിനു പുറത്ത് കൂട്ടമരണം
സ്റ്റേഡിയത്തിൽ ആഘോഷം
വിധാൻ സഭയിലെ സ്വീകരണം നടക്കുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും താരങ്ങൾ മറ്റൊരു ഗേറ്റിലൂടെ ബസിൽ സ്റ്റേഡിയത്തിലെത്തി സ്വീകരണച്ചടങ്ങ് തുടങ്ങിയിരുന്നു. മരണവാർത്തകൾ പുറത്തുവന്നിട്ടും സംഘാടകർ പരിപാടി തുടർന്നു. കൺമുന്നിൽ ദുരന്തം നടന്നിട്ടും വിരാട് കൊഹ്‌ലിയടക്കം താരങ്ങൾ സ്റ്റേഡിയത്തിൽ ആഘോഷം തുടർന്നത് വിവാദമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |