ആർ.സി.ബിയുടെ ആദ്യ ഐ.പി.എൽ കിരീടനേട്ടം ബെംഗളുരുവിനെ കണ്ണീർക്കടലാക്കി
ബെംഗളുരു : ചരിത്രത്തിലാദ്യമായി റോയൽ ചലഞ്ചേഴ്സ് ബെംഗളുരു ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ ബെംഗളുരു നഗരത്തെ കാത്തിരിക്കുന്നത് ഇത്തരമൊരു ദുരന്തമായിരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ബെംഗളുരു നഗരത്തിന് അകത്തും പുറത്തും നിന്ന് പതിനായിരക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തിയപ്പോൾ കൃത്യമായി നിയന്ത്രിക്കാൻ പൊലീസോ സംഘാടകരോ ആവശ്യത്തിന് ഒരുക്കാതെപോയതാണ് ഇത്രയും വലിയൊരു ദുരന്തത്തിന് വഴിവച്ചത്. പരിപാടികൾ സംബന്ധിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനോ അത് നടപ്പിലാക്കാനോ ആർക്കും കഴിയാതെവന്നപ്പോൾ പൊലിഞ്ഞുവീണത് കൗമാരം കടന്നിട്ടില്ലാത്തവരടക്കം 11 മനുഷ്യജീവനുകളാണ്.
അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ആർ.സി.ബി വിജയിച്ചപ്പോൾ തന്നെ ബെംഗളുരു നഗരത്തിൽ ആഘോഷം തുടങ്ങിയിരുന്നു.ആർ.സി.ബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചാെവ്വാഴ്ച രാത്രി പുലരുവോളം ചെറുപ്പക്കാർ ലഘോഷം നടത്തിയിരുന്നു. ഇന്നലെ ടീം കിരീടവുമായെത്തുമെന്നും വിജയാഘോഷ പരേഡ് നടക്കുമെന്നും പല സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വിവരം ലഭിച്ചതോടെ രണ്ട് ലക്ഷത്തോളം പേരാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിൽ നിന്ന് ട്വന്റി-20 ലോകകപ്പുമായെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം മുംബയ് മറൈൻ ഡ്രൈവിൽ നടത്തിയ പരേഡ് പോലെ തുറന്ന ബസിൽ വിധാൻ സൗധയിൽ നിന്ന് അധികം ദൂരത്തല്ലാത്ത ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പരേഡ് നടത്തുമെന്നാണ് ആദ്യം അറിയിപ്പുകൾ വന്നത്. അത് കാണാനാണ് ജനങ്ങൾ ഒഴുകിയെത്തിയത്. എന്നാൽ സുരക്ഷാപ്രശ്നങ്ങളും മഴയും കാരണം ട്രാഫിക് പൊലീസ് ഇതിന് അനുമതി നിഷേധിച്ചു. വിക്ടറി പരേഡ് ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ ചിന്നസ്വാമിയിലെത്തി താരങ്ങളെ കാണാനായി ഇവർ ശ്രമിച്ചത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
വിരാട് ചോദിച്ചു, വിക്ടറി പരേഡിന് ഉണ്ടാവില്ലേ?
അഹമ്മദാബാദിൽ കിരീടം ഏറ്റുവാങ്ങുന്നതിന് മുമ്പ് മാദ്ധ്യമപ്രവർവർത്തകരുമായി സംസാരിക്കേവേ ബുധനാഴ്ച വിക്ടറി പരേഡ് കവർ ചെയ്യാനായി നിങ്ങളും വരില്ലേയെന്ന് വിരാട് കൊഹ്‌ലി ചോദിച്ചിരുന്നു. ഇന്നലെ രാവിലെ തന്നെ ബെംഗളുരുവിലെത്തി പരേഡ് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ അത് വൈകിട്ടേക്ക് മാറ്റി. അതിനുമുമ്പ് വിധാൻ സഭയിൽ മന്ത്രിസഭയുടെ സ്വീകരണം നിശ്ചയിച്ചു. അത് കഴിഞ്ഞ് തുറന്ന ബസിൽ സ്റ്റേഡിയത്തിലേക്ക് പോകാനായിരുന്നു പ്ളാൻ. എന്നാൽ ട്രാഫിക് പൊലീസ് അതിന് അനുമതി നിഷേധിച്ചതോടെ അടിച്ചിട്ട ബസിൽ സ്റ്റേഡിയത്തിലെത്തി. എന്നാൽ അതിന് മുമ്പ് അപകടം സംഭവിച്ചിരുന്നു.
സംഘടിപ്പിച്ചത് ആർ.സി.ബിയും
കർണാടക ക്രിക്കറ്റ് അസോസിയേഷനും
ഇന്നലെത്തന്നെ വിക്ടറി പരേഡ് സംഘടിപ്പിക്കണമെന്ന് തുനിഞ്ഞിറങ്ങിയത് ആർ.സി.ബി ടീം ഉടമകളും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ്. കഴിഞ്ഞവർഷത്തെ ലോകകപ്പ് വിക്ടറി പരേഡിന് സമാനമായ അനുഭവം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ആ ചടങ്ങിന് തയ്യാറെടുക്കാൻ ദിവസങ്ങൾ സമയം ലഭിച്ചിരുന്നു. എന്നാൽ 24 മണിക്കൂർ മുമ്പ് പരേഡ് നിശ്ചയിച്ചപ്പോൾ അത് സുരക്ഷിതമായി നടത്താനുള്ള തയ്യാറെടുപ്പുകൾ സ്വീകരിക്കേണ്ടതിനെക്കുറിച്ച് ചിന്തിച്ചില്ല. സോഷ്യൽ മീഡിയിലൂടെ ആരാധകരോട് സൗജന്യപാസ് വഴി പ്രവേശനമെന്നും സൗജന്യപ്രവേശനമെന്നുമൊക്കെ അറിയിച്ചതോടെ 40000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് രണ്ടുലക്ഷത്തോളം പേരെത്തി. ആദ്യം വരുന്നവർക്ക് സീറ്റ് കിട്ടുമെന്നും പ്രചരണമുണ്ടായിരുന്നു.
അനുമതി സ്വകാര്യ ചടങ്ങിന്
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർ.സി.ബി ഉടമകളുടെ കുടുംബാംഗങ്ങളും കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കും കുടുംബാംഗങ്ങളും അഫിലിയേറ്റഡ് ക്ളബുകളിലെ അംഗങ്ങളും പങ്കെടുക്കുന്ന പരിപാടി നടത്താനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. എം 1 സ്റ്റാൻഡിൽ കുട്ടികളെ പ്രവേശിപ്പിക്കരുതെന്നും അനുമതി പത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതറിയാതെ ആർ.സി.ബിയുടെ ആരാധകർ
കൈ കഴുകി ബി.സി.സി.ഐ
ഐ.പി.എൽ ഫൈനൽ ചൊവ്വാഴ്ച രാത്രിയോടെ കഴിഞ്ഞെന്നും അതുകഴിഞ്ഞുണ്ടായ സംഭവങ്ങൾക്ക് തങ്ങൾ ഉത്തരവാദിയല്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ഐ.പി.എൽ ഗവേണിംഗ് ബോഡിക്ക് വിക്ടറി പരേഡുമായി ഒരു ബന്ധവുമില്ലെന്നും ദുരന്തം അറിഞ്ഞപ്പോൾ തന്നെ ആഘോഷം നിറുത്താൻ ആവശ്യപ്പെട്ടെന്നും ചെയർമാൻ അരുൺ ധുമാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |