ബാംഗ്ളൂർ:മുംബായിലെ വാങ്കഡെ സ്റ്റേഡിയവും മറൈൻ ഡ്രൈവും പോലെയാണ് ബാംഗ്ളൂർ നഗരത്തിന് എം.ജി.റോഡും ചിന്നസ്വാമി സ്റ്റേഡിയവും.പുതുവർഷം മുതൽ ക്രിക്കറ്റ് വിജയങ്ങളും കന്നഡ രാജ്യോത്സവവും അടക്കം ബാംഗ്ളൂരുകാരുടെ ആഘോഷങ്ങളുടെ തെരുവ്. മെട്രോറെയിലും കെട്ടിടങ്ങളും നിറഞ്ഞപ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിലും എം.ജി.റോഡിനും പഴയ വിസ്തൃതിയില്ല. പതിവായി ഇന്ത്യയുടേയും ഐ.പി.എല്ലിലേയും മത്സരങ്ങൾ വരുമ്പോൾ തിരക്കിൽ ശ്വാസം മുട്ടുന്ന സ്ഥിതിയിലാണിപ്പോൾ ഇൗ തെരുവ്. അവിടേക്കാണ് ചരിത്ര വിജയവുമായി ബാംഗ്ളൂർ റോയൽസ് ടീമംഗങ്ങൾ വന്നിറങ്ങിയത്. കഴിഞ്ഞ വർഷം ലോകകപ്പ് ക്രിക്കറ്റുമായി രോഹിത് ശർമ്മയും ടീമും വാങ്കഡെയുടെ മുറ്റത്ത് തുറന്ന ബസിൽ വന്നിറങ്ങിയ രീതിയിലുള്ള സ്വീകരണമാണ് ഐ.പി.എൽ.കിരീടം നേടിയ ബാംഗ്ളൂർ റോയൽസിന് ഒരുക്കിയത്. ഒന്നേകാൽ കോടി ജനങ്ങളുള്ള ബാംഗ്ളൂർ നഗരത്തിൽ നിന്ന് അതിൽ എത്രപേർ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെന്നതിന് കണക്കില്ല.പരിസരത്തുള്ള തുംകൂറിലും മൈസൂരിനും നിന്നും പതിനായിരങ്ങൾ എത്തിയിട്ടുണ്ടാകും.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള ഇന്ദിരാനഗറും രണ്ടുകിലോമീറ്റർ അപ്പുറമുള്ള മജസ്റ്റിക്കും ഉച്ചയോടെ ജനങ്ങൾ നിറഞ്ഞു.അപകടം മണത്ത പൊലീസ് പരേഡ് തടയാൻ ശ്രമിച്ചത് ഇത് കണക്കിലെടുത്താണ്. വൈകിട്ടോടെ എം.ജി.റോഡിന് അടുത്തുള്ള രാജ് ഭവൻ റോഡും കബൺ റോഡും ലേഡി കഴ്സൺ റോഡും കമേഴ്സ്യൽ സ്ട്രീറ്റും ബ്രിഗേഡ് റോഡും കസ്തൂർബാറോഡുമെല്ലാം ജനത്തിരക്കിലായി. ചെറിയ തിരയിളക്കം പോലും വൻ അപകടത്തിലേക്ക് എത്തിക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട.വിധാൻ സൗധയിലെ സർക്കാർ അനുമോദനം കഴിഞ്ഞ് അവിടെ നിന്ന് അരകിലോമീറ്റർ മാത്രം അകലെയുള്ള ചിന്ന സ്വാമി സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് താരങ്ങൾ എത്തുന്നത് കാണാനുള്ള ജനങ്ങളുടെ ആവേശത്തോടെയുള്ളനീക്കമാണ് കാര്യങ്ങൾ കൈവിട്ട് പോകാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ആരും കയറരുതെന്ന് മെട്രോ റെയിൽവേ സ്റ്റേഷനിൽ അടിക്കടി അനൗൺസ്മെന്റുണ്ടായിരുന്നു.നഗരത്തിലെ ഗതാഗതം രണ്ടുമണിയോടെ പൂർണ്ണമായും സ്തംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |