വിത്തുണ്ട എറിയൽ പദ്ധതി ജൂൺ 15 മുതൽ
ചാലക്കുടി: വന്യമൃഗങ്ങൾ മനുഷ്യ ആവാസ വ്യവസ്ഥയിലേക്ക് കടക്കുന്നത് ഒഴിവാക്കാൻ കാടിനുള്ളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന ഫുഡ്‌ഫോഡർ വാട്ടർ പ്രോഗ്രാം വാഴച്ചാൽ, ചാലക്കുടി മേഖലകളിലും വ്യാപകമാക്കാൻ വനം വകുപ്പ്. വാഴച്ചാൽ ഡിവിഷനിൽ ചൂഴിമേട്,മുക്കുമ്പുഴ എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനിൽ പാലപ്പിള്ളി,മുപ്ലിയം ,വരന്തരപ്പിള്ളി, ചായ്പ്പൻകുഴി എന്നിവിടങ്ങളിലാണ് ഫുഡ്‌ഫോഡർ വാട്ടർ പ്രോഗ്രാം നടക്കുന്നത്.
സംസ്ഥാനത്തെ എല്ലാ വനം ഡിവിഷനുകൾക്കൊപ്പം ഈ മേഖലയിലും ജൂൺ 15 മുതൽ വിത്തുണ്ട എറിയൽ ആരംഭിക്കും. സാധാരണ മണ്ണ്,എക്കൽ മണ്ണ്, ചാണകം എന്നിവ അടങ്ങിയ മിശ്രിതത്തിൽ മരങ്ങളുടെ വിത്ത് വച്ച് വനത്തിലെ മുൻകൂട്ടി നിശ്ചയിച്ച പ്രദേശങ്ങളിൽ വിതറുന്നതാണ് പദ്ധതി. ആയിരക്കണക്കിന് വിത്തുകൾ ഇത്തരത്തിൽ കാട്ടിൽ നിക്ഷേപിക്കും. സ്വാഭാവിക വളർച്ച കൈവരിച്ച് ഇവയിൽ നാലിലൊന്ന് മരങ്ങളാകുമെന്നാണ് പ്രതീക്ഷ. മുൻവർഷങ്ങളിലും വിത്ത് നിക്ഷേപിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് വലിയതോതിൽ പദ്ധതി നടപ്പാക്കുന്നത്. വനംവകുപ്പ് ജീവനക്കാർ,വാച്ചർമാർ,വി.എസ്.എസ് പ്രവർത്തകർ എന്നിവരടങ്ങിയ സംഘമാണ് കാട്ടിൽ വിത്ത് വിതയ്ക്കുന്നത്. ജൂൺ 15ന് ആരംഭിക്കുന്ന ദൗത്യം ആഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കും.
പദ്ധതിയിൽ ഉൾപ്പെടുന്ന വിത്തുകൾ
ഉങ്ങ്, പ്ലാവ്,കാട്ടുപ്ലാവ്,മുള,മുട്ടപ്പഴം,പുന്ന,ആഞ്ഞിലി, ഭദ്രാക്ഷം
പ്രവർത്തന രീതി
സാധാരണ മണ്ണ് ചളിവള്ളത്തിൽ കുഴച്ച് എക്കൽ മണ്ണും ചാണകവും അടങ്ങിയ വിശ്രിതവുമായി കലർത്തും. തുടർന്ന് വിത്തുകൾ അകത്തേയ്ക്ക് കടത്തി പന്ത് ആകൃതിയിലാക്കും. പിന്നീട് ഉണക്കിയെടുക്കും. ഇത് മുൻകൂട്ടി നിശ്ചയിച്ച പ്രദേശങ്ങളിൽ വിതറും.
എറിയുന്ന ഉണ്ടകളിൽ നിന്നും വിത്തുകൾ മുളയ്്ക്കുന്നതും ഇവയുടെ വളർച്ചയുടെ നിരീക്ഷക്കലും ഘട്ടംഘട്ടമായി നടക്കും. എക്കൽ മണ്ണും ചാണകവും ഉൾപ്പെടുന്നതിനാൽ തൈകളുടെ വളർച്ചയ്ക്കുള്ള പോഷകങ്ങൾ വിത്തുണ്ടയിൽ അടങ്ങിയിട്ടുണ്ട്്.
ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വാഴച്ചാലിൽ നടക്കും. വേനൽക്കാലത്ത് ചെറിയ ചെക്ക് ഡാമുകൾ നിർമ്മിച്ച് വന്യമൃഗങ്ങൾക്ക്് കുടിവെള്ളം ലഭ്യമാക്കുന്ന ദൗത്യവും പദ്ധതിയിൽ ഉൾപ്പെടും.
സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ, പൊതു ജനങ്ങൾ എന്നീ വിഭാഗങ്ങൾക്കും പദ്ധതിയുമായി സഹകരിക്കാം. താത്പര്യമുള്ളവർ വനം വകുപ്പ് ഓഫീസുമായി ബന്ധപ്പെടണം.ഐ.എസ്. സുരേഷ്ബാബു,
വാഴച്ചാൽ ഡി.എഫ്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |