കൊല്ലം: ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്‌നറുകളിൽ 27 എണ്ണം കൊല്ലം പോർട്ടിലേക്ക് മാറ്റിയെന്ന് കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. നാശനഷ്ടം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കടൽഭിത്തികൾ തകർന്നതിന്റെ വിവരങ്ങൾ ഇറിഗേഷൻ വകുപ്പ് ക്രോഡീകരിച്ച് നൽകണം. നാശമുണ്ടായ മീൻവലകളുടെയും തകർന്നുപോയ അനുബന്ധ ഉപകരണങ്ങളുടെ ഉടമകളായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പാണ് സമർപ്പിക്കേണ്ടത്. സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടങ്ങൾ കണക്കാക്കാൻ വില്ലേജ് ഓഫീസർമാരെയും ചുമതലപ്പെടുത്തി.
അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ കണ്ടെത്താനായിട്ടില്ല. 44 കണ്ടെയ്‌നറുകളാണ് കൊല്ലം, കരുനാഗപ്പള്ളി താലൂക്ക് പരിധിയിലെത്തിയത്. 28 എണ്ണം ശൂന്യമാണ്. നാല് കണ്ടെയ്നറുകളിലെ സാമഗ്രികൾ പരിശോധിച്ചുവരുന്നു. ബാക്കിയുള്ളവയിൽ ഗ്രീൻ ടീ, ന്യൂസ് പ്രിന്റുകൾ, ക്രാഫ് പേപ്പർ, പേപ്പർ ബോർഡ് തുടങ്ങിയവയാണുള്ളത്. നിലവിൽ ഒഴുക്കുത്തോട്, തിരുമുല്ലവാരം, കാപ്പിൽ ബീച്ച്, നീണ്ടകര കേന്ദ്രീകരിച്ചാണ് വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ തുടരുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ആപ്തമിത്ര, സിവിൽ ഡിഫൻസ് വൊളണ്ടിയേഴ്സ് സംഘമാണ് കണ്ടെയ്നറുകൾ വന്നടിഞ്ഞ തീരപ്രദേശങ്ങൾ ശുചീകരിക്കുന്നത്. മുണ്ടയ്ക്കൽ മുതൽ താന്നി വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് തരികൾ നീക്കി. ശക്തികുളങ്ങര ഭാഗത്തുണ്ടായ മറ്റ് മാലിന്യങ്ങളും മാറ്റുകയാണ്. തുടർ പരിശോധനയ്ക്കായി മലിനീകരണ നിയന്ത്രണ ബോർഡ് സാമ്പിളുകളും ശേഖരിച്ചു.
എണ്ണപ്പാട കെട്ടിക്കിടക്കുന്നത് കണ്ടെത്തിയില്ലെങ്കിലും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സഹകരണത്തോടെ ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും പരിശീലനവും നൽകി. എം.ഇ.ആർ.സി (മാരീടൈം എമർജൻസി റെസ്പോൺസ് സെന്റർ)പ്രൈവറ്റ് ലിമിറ്റഡാണ് വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ നടത്തുന്നത്. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എ.ഡി.എം ജി. നിർമൽകുമാർ, സബ് കളക്ടർ നിഷാന്ത് സിഹാര, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |