ന്യൂഡൽഹി: വിരമിച്ച ജഡ്ജിമാർ സർക്കാർ പദവികൾ സ്വീകരിക്കുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ഇത്തരം രീതികൾ ജുഡിഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്ന് ലണ്ടനിൽ യു.കെ സുപ്രീംകോടതി സംഘടിപ്പിച്ച റൗണ്ട് ടേബിൾ ഡിസ്‌കഷനിൽ പങ്കെടുക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജിമാർ വിരമിച്ചശേഷം സർക്കാരുമായി ബന്ധപ്പെട്ട പദവികളിലെത്തുന്ന സാഹചര്യമുണ്ട്. റിട്ടയർ ചെയ്‌ത ജഡ്‌ജിമാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും നമ്മൾ കണ്ടതാണ്. ഈ നടപടികൾ ശരിയല്ല. ജുഡിഷ്യറിയിലുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.
വിരമിച്ചയുടൻ സർക്കാർ പദവികൾ ഏറ്റെടുക്കുമ്പോൾ, നേരത്തെ അണിയറയ്ക്ക് പിന്നിൽ ഏതെങ്കിലും ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്ന സംശയം ജനങ്ങൾക്കുണ്ടാകും. ഭാവിയിൽ ലഭിക്കാൻ പോകുന്ന സർക്കാർ പദവികളുടെ പേരിൽ ജുഡിഷ്യറി തീരുമാനങ്ങൾ സ്വാധീനിക്കപ്പെട്ടോ എന്ന തെറ്റിദ്ധാരണയും ഉണ്ടാകാം.
അത് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും നിഷ്പക്ഷ നിലപാടിനെയും ബാധിക്കും. ഇതു മുന്നിൽകണ്ട് താനടക്കമുള്ള നിരവധി സഹപ്രവർത്തകർ വിരമിച്ചശേഷം സർക്കാർ പദവികൾ സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |