വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ശതകോടീശ്വരനും ടെസ്‌ല, സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. ട്രംപ് സർക്കാരിന്റെ പുതിയ ടാക്സ്-ബഡ്ജറ്റ് ബില്ല് അങ്ങേയറ്റം അറപ്പുളവാക്കുന്നതാണെന്ന് മസ്‌ക് പറഞ്ഞു. ട്രംപുമായുള്ള മസ്കിന്റെ ഭിന്നത ഇതോടെ പുറത്തായി.
' ക്ഷമിക്കണം, എനിക്ക് ഇനിയും സഹിക്കാനാകില്ല. അന്യായമായ ഈ ബില്ലിനായി വോട്ട് ചെയ്തവരെ (യു.എസ് കോൺഗ്രസ് അംഗങ്ങൾ) ഓർത്ത് ലജ്ജിക്കുന്നു. നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കും അറിയാം" -മസ്ക് എക്സിൽ കുറിച്ചു. അമേരിക്കൻ ജനതയെ ചതിച്ച എല്ലാ രാഷ്ട്രീയക്കാരെയും അടുത്ത വർഷം നവംബറിൽ പുറത്താക്കുമെന്നും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെ ഉന്നമിട്ട് മസ്ക് പറഞ്ഞു.
ബില്ലിനെക്കുറിച്ചുള്ള മസ്കിന്റെ നിലപാട് പ്രസിഡന്റിന് അറിയാം. അതിനാൽ പ്രസിഡന്റിന്റെ അഭിപ്രായത്തിൽ മാറ്റമില്ല.
- കാരലൈൻ ലെവിറ്റ്,
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ടെസ്‌ലയ്ക്ക് പണികിട്ടും !
( മസ്കിന്റെ അതൃപ്തിക്ക് പിന്നിലെ കാരണങ്ങളെന്ന് പറയപ്പെടുന്നവ)
1. ഇലക്ട്രിക് വാഹന നികുതി ആനുകൂല്യങ്ങൾ വെട്ടികുറയ്ക്കാൻ ബില്ലിൽ നിഷ്കർശിക്കുന്നു. ഇത് മസ്കിന്റെ ടെസ്‌ലയെ ബാധിക്കും. ടെസ്‌ലയ്ക്ക് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും
2. മസ്ക് സർക്കാരിന്റെ ഭാഗമായത് 'പ്രത്യേക ഉദ്യോഗസ്ഥൻ" എന്ന നിലയിൽ. കാലാവധി പരമാവധി 130 ദിവസം. ഇതിനപ്പുറം പദവിയിൽ തുടരാൻ മസ്ക് ആഗ്രഹിച്ചെങ്കിലും ഫലമുണ്ടായില്ല
3. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ തന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് സംവിധാനം ദേശീയ വ്യോമ ഗതാഗത നിയന്ത്റണത്തിനായി ഉപയോഗിക്കണമെന്ന് മസ്‌ക് ആഗ്രഹിച്ചിരുന്നെങ്കിലും ഭരണകൂടം നിരസിച്ചെന്ന് സൂചന
4. മസ്കിന്റെ അടുപ്പക്കാരൻ ജറേഡ് ഐസക്‌മാനെ ബഹിരാകാശ ഏജൻസിയായ നാസയുടെ മേധാവിയാക്കാനുള്ള തീരുമാനം ട്രംപ് ഉപേക്ഷിച്ചു
ചെലവാക്കിയത് 25 കോടി ഡോളർ
ട്രംപിന്റെ പ്രസിഡൻഷ്യൽ പ്രചാരണ വേളയിൽ മുന്നിലുണ്ടായിരുന്ന ആളാണ് മസ്ക്. ട്രംപിന്റെ പ്രചാരണത്തിനായി 25 കോടി ഡോളറിലേറെയാണ് മസ്ക് ചെലവാക്കിയത്. മസ്കിന് ട്രംപുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ട്രംപിന്റെ ഉപദേഷകനും അദ്ദേഹം രൂപീകരിച്ച താത്കാലിക കമ്മിഷനായ ഡോഷിന്റെ തലവനുമായിരുന്ന മസ്കിന്റെ സേവന കാലാവധി മേയ് 30ന് അവസാനിച്ചിരുന്നു.
ട്രംപിന്റെ ടാക്സ്-ബഡ്ജറ്റ് ബില്ല് ചെലവ് കൂട്ടുമെന്നും ഖജനാവിന് ബാദ്ധ്യതയാകുമെന്നും ഡോഷിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്നും പടിയിറങ്ങുന്നതിന് മുന്നേ മസ്ക് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |