ബീജിംഗ്: യു.എസിലേക്ക് അപകടകാരിയായ ഫംഗസ് കടത്തിയ കുറ്റത്തിന് രണ്ട് ചൈനീസ് ഗവേഷകർ പിടിയിൽ. യൂൻക്വിംഗ് ജിയാൻ (33), സുൻയോംഗ് ലിയു (34) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഗൂഢാലോചന, വസ്തുക്കളുടെ അനധികൃത കടത്തൽ, വിസാ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. ഫംഗസിനെ ഡിട്രോയിറ്റ് എയർപോർട്ട് വഴി കടത്താൻ ശ്രമിക്കവെയാണ് ലിയു പിടിയിലായത്. കാമുകിയായ ജിയാൻ ജോലി ചെയ്യുന്ന മിഷിഗൺ യൂണിവേഴ്സിറ്റി ലബോറട്ടറിയിൽ എത്തിച്ചു പഠനം നടത്തുകയായിരുന്നു ലക്ഷ്യം. 'ഫ്യുസാരിയം ഗ്രാമിനിയറം" എന്ന ഫംഗസാണ് ഇവർ കടത്തിയത്. ഗോതമ്പ്, ബാർലി, അരി, ചോളം എന്നിവയിൽ രോഗത്തിന് കാരണമാകുന്ന ഇവ കാർഷികവിളകളെ നശിപ്പിക്കും. ആഹാരത്തിൽ കലർന്നാൽ ഛർദ്ദി മുതൽ കരൾ തകരാറിലേക്ക് വരെ വഴിയൊരുക്കും.
ചൈനയിൽ വച്ച് ഈ ഫംഗസിന്റെ പഠനത്തിനായി ജിയാന് സർക്കാർ ധനസഹായം ലഭിച്ചെന്നും ജിയാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണെന്നും യു.എസ് ഉദ്യോഗസ്ഥർ ആരോപിച്ചു. സംഭവത്തിൽ എഫ്.ബി.ഐയും യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |