തിരുവനന്തപുരം: പോക്സോ കേസ് പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ അതിഥിയായി എത്തിയ സംഭവത്തിൽ പ്രതികരികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ സ്കൂൾ അധികൃതർ നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം നായരാണ് തിരുവനന്തപുരത്തെ ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പങ്കെടുത്തത്. സംഭവം വിവാദമായതോടെ ഇയാൾക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് പരിപാടിയിലെ സംഘാടകർ ക്ഷമാപണം നടത്തി. സർക്കാർ നടപടിയെടുക്കുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് സ്കൂൾ അധികൃതർ മറുപടി നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വ്ലോഗർ മുകേഷിനെതിരായ കേസിനെക്കുറിച്ച് അറിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനാധ്യാപകൻ വീഴ്ച സമ്മതിച്ചത്. വീഴ്ച്ച തുറന്നു സമ്മതിച്ചുകൊണ്ട് പരിപാടിയുടെ സംഘാടകർ സ്കൂൾ അധികൃതർക്ക് കത്തയച്ചു. സ്കൂളിനും പ്രധാന അധ്യാപകനും ഉണ്ടായ വിഷമത്തിൽ സംഘാടകർ ഖേദം പ്രകടിപ്പിച്ചു. അതിഥിയുടെ പശ്ചാത്തലം പരിശോധിക്കാതെ പരിപാടിയിൽ പങ്കെടുപ്പിച്ചത് തങ്ങളുടെ തെറ്റാണെന്നും ജെസിഎ ഭാരവാഹികൾ കത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |