കൊച്ചി: ഒരിക്കൽ അറപ്പുളവാക്കുന്ന മാലിന്യകൂമ്പാരമായിരുന്ന ബ്രഹ്മപുരത്ത് ഇനി പരിശുദ്ധിയുടെ കുളിരുമായി രാമച്ചത്തിന്റെ സുഗന്ധം പടരും. കർഷകർക്കിടയിൽ കരുത്തിന്റെ ജൈവവേലി എന്നറിയപ്പെടുന്ന രാമച്ചം, സുഗന്ധ വ്യഞ്ജനം എന്ന നിലയിലും ഔഷധഗുണത്തിലും പ്രസിദ്ധമാണ്.
ബ്രഹ്മപുരത്തേക്ക് ആവശ്യമായ രാമച്ചം തൈകൾ വരാപ്പുഴ അതിരൂപത മെത്രോപ്പോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മേയർ അഡ്വ.എം. അനിൽകുമാറിന് കൈമാറി. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, അതിരൂപതയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മേയർ. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരിസ്ഥിതി പ്രവർത്തനങ്ങളും പൊതുഇടങ്ങൾ ശുചിയാക്കലും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന്റെ അതിരൂപതതല ഉദ്ഘാടനമാണ് മേയർ നിർവഹിച്ചത്.
അതിരൂപതാ സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ, വികാരി ജനറൽമാർ ബി.സി.സി ഡയറക്ടർ എന്നിവരും പങ്കെടുത്തു.
ഭൂമി വൃത്തിയാക്കി നടും
ബ്രഹ്മപുരത്ത് ബയോമൈനിംഗ് നടത്തി മാലിന്യക്കൂമ്പാരങ്ങൾ നീക്കി ഭൂമി വൃത്തിയാക്കിയശേഷം രാമച്ചം തൈകൾ നടുമെന്ന് മേയർ പറഞ്ഞു. ഇവിടെ വീണ്ടെടുത്തിരിക്കുന്ന മണ്ണ് ശുദ്ധീകരിക്കുന്നതിനും രാമച്ചം ഉപകരിക്കുമെന്ന് മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |