ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം മോദിയേയും കേന്ദ്രസർക്കാരിനെയും നിരന്തരം പുകഴ്ത്തുന്നതിലൂടെ കോൺഗ്രസിന് അനഭിമതനായ ശശി തരൂർ എം.പി പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തം. പാർട്ടിവിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടി തരൂരിനെതിരെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുശേഷം കെ.പി.സി.സി ശക്തമായ അച്ചടക്ക നടപടി ആവശ്യപ്പെട്ടേക്കുമെന്നതു കൂടി മുന്നിൽകണ്ടാണിത്.
എന്നാൽ, ബി.ജെ.പിയിൽ ചേർന്നേക്കില്ല. ഉപരാഷ്ട്രപതി പദവിയടക്കം ചില ഉന്നതസ്ഥാനങ്ങൾ തരൂരിന് ബി.ജെ.പി വാഗ്‌ദാനം ചെയ്‌തതായി സൂചനയുണ്ട്. അടുത്തകാലത്തായി പാർട്ടി നിലപാടുകളെ പരസ്യമായി തള്ളുന്ന തരൂരിനെ ശാസിച്ച് നേർവഴിക്കാക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും ഒാപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതോടെ കാര്യങ്ങൾ വീണ്ടും വഷളായി.
സർവകക്ഷി സംഘവുമൊത്ത് വിദേശത്ത് പോയശേഷം മോദിക്കും കേന്ദ്രസർക്കാരിനും അനുകൂലമായ പ്രസ്‌താവനകൾ തരൂർ നടത്തിയത് കോൺഗ്രസിന് ഇഷ്ടപ്പെട്ടില്ല. പാകിസ്ഥാനുമായുള്ള വെടിനിറുത്തലിന് യു.എസ് ഇടപെടലുണ്ടായെന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള കോൺഗ്രസ് നീക്കത്തിനും തരൂർ എതിരു നിന്നു. നരേന്ദ്രമോദി യു.എസിന് കീഴടങ്ങിയെന്ന രാഹുൽഗാന്ധിയുടെ പ്രസ‌്‌താവനയും തരൂർ തള്ളിയിരുന്നു.
വിമർശനം വകവയ്ക്കുന്നില്ല
1.കേന്ദ്ര സർക്കാരിനും മോദിക്കും അനുകൂലമായ പ്രസ്താവന നിരന്തരം നടത്തുന്നതിനെ കോൺഗ്രസ് എതിർത്തെങ്കിലും രാജ്യതാത്പര്യമാണ് താൻ ഉയർത്തുന്നതെന്ന് പറഞ്ഞ് തരൂർ അത് തള്ളുന്നു
2.കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങൾ വകവയ്ക്കുന്നില്ല. കേന്ദ്രസർക്കാരും ബി.ജെപിയും ശക്തമായി പിന്തുണയ്ക്കുന്നു
3.ജനങ്ങൾക്ക് തന്നെ വേണമെന്നാണ് കരുതുന്നതെന്നും പാർട്ടി അതു മനസിലാക്കിയില്ലെങ്കിൽ സ്വന്തംവഴിക്കു പോകുമെന്നും തരൂർ പറഞ്ഞിരുന്നു
എം.പി സ്ഥാനം
രാജി വച്ചേക്കും
2027ൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ കാലാവധി പൂർത്തിയാകും. ആ സ്ഥാനത്തേക്ക് തരൂരിനെ പരിഗണിക്കുമെന്നാണ് അഭ്യൂഹം. അതിനുമുമ്പ് മറ്റുചില ഉന്നത പദവികളും കേന്ദ്രം നൽകിയേക്കും. പാർട്ടി വിട്ടാൽ എം.പിസ്ഥാനം രാജിവച്ചേക്കും. അതോടെ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് പ്രതീക്ഷയേറും.
'രാജ്യസേവനം
പാർട്ടിവിരുദ്ധമോ'
ദേശീയ താത്‌പര്യത്തിനായി പ്രവർത്തിക്കുന്നത് പാർട്ടി വിരുദ്ധമാകുന്നത് എങ്ങനെയെന്ന് ശശി തരൂർ. ഇക്കാലത്ത് നമ്മുടെ രാജ്യത്ത് ഒരു ദേശസ്നേഹിയാകാൻ ഇത്ര ബുദ്ധിമുട്ടാണോ എന്നും ഒരു വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചു. താൻ ഒരു ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ചിലർ എന്തുപറയുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും
സർവകക്ഷി സംഘത്തിന്റെ ജോലികൾ സൂചിപ്പിച്ച് തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |