തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിൽ സൗമ്യതയുടെയും അനുനയത്തിന്റെയും മുഖമായിരുന്ന മുതിർന്ന നേതാവും കെ.പി.സി.സി മുൻ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 94 വയസായിരുന്നു. മൂന്നുതവണ രാജ്യസഭാംഗവും രണ്ടുതവണ നിയമസഭാംഗവുമായിട്ടുണ്ട്.
വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11നായിരുന്നു അന്ത്യം. തിരുവനന്തപുരം നെട്ടയത്ത് മുക്കോല യമുന നഗറിൽ മകളുടെ വസതിയായ ആമ്പാടിയിൽ പൊതുദർശനത്തിന് വച്ചു. ഇവിടെയായിരുന്നു സ്ഥിരതാമസം. ഇന്ന് രാവിലെ 10.30ന് ഇന്ദിരാഭവനിലും തുടർന്ന് അയ്യപ്പസേവാസംഘം ഓഫീസിലും പൊതുദർശനം. ശേഷം 1.30ന് ശാന്തികവാടത്തിൽ സംസ്കരിക്കും.
ഭാര്യ സതീദേവി. മകൾ: നീതാകുമാരി. മരുമകൻ: ഡോ. ടി.എം.രവീന്ദ്രൻ നായർ (ജി.ജി ഹോസ്പിറ്റൽ). ചെറുമകൻ: അരവിന്ദ് ആർ.നായർ (എൻജിനിയർ).
കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തിൽ എൻ.ഗോപാലപിള്ളയുടെയും ഈശ്വരി അമ്മയുടെയും മകനായി 1931 മാർച്ച് 11ന് ജനനം. തെന്നല എൽ.പി.എസിലും മണപ്പള്ളി യു.പി.എസിലും പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സെക്കൻഡറി പഠനം. എം.ജി കോളേജിൽ നിന്ന് ബി.എസ്‌സി ബിരുദം.
പുലിക്കുളം വാർഡ് കോൺഗ്രസ് പ്രസിഡന്റായി രാഷ്ട്രീയത്തിൽ തുടക്കം. ശൂരനാട് നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, കുന്നത്തൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് , കൊല്ലം ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച് പടിപടിയായി കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലെത്തി.
1962ൽ കെ.പി.സി.സി അംഗമായി. 1977ലും 1982ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 തിരഞ്ഞെടുപ്പുകളിൽ അടൂരിൽ പരാജയപ്പെട്ടു. 1991ലും 92ലും 2000ലും രാജ്യസഭാംഗമായി. കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു.
1998ൽ വയലാർ രവിക്ക് പകരമായാണ് ആദ്യമായി കെ.പി.സി.സി പ്രസിഡന്റാകുന്നത്. 2001ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് വൻവിജയം നേടി. തുടർന്ന് കെ.മുരളീധരനുവേണ്ടി ഒഴിഞ്ഞു. 2004ൽ കെ.മുരളീധരൻ എ.കെ.ആന്റണി മന്ത്രിസഭയിൽ അംഗമായതിനെത്തുടർന്ന് താത്കാലിക പ്രസിഡന്റായിരുന്ന പി.പി.തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡന്റായി. 2005ൽ രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് പ്രസിഡന്റായി നിയമിക്കുംവരെ തുടർന്നു. ഇന്റർനാഷണൽ സെന്റർ ഫോർ ഗാന്ധിയൻ തോട്ട്സ് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
അതിസമ്പന്നതയിൽ
നിന്ന് 11 സെന്റിലേക്ക്
ശൂരനാട്ടെ അതിസമ്പന്നമായ ജന്മികുടുംബത്തിൽ ജനിച്ച തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് കുടുംബസ്വത്തായി കിട്ടിയത് 12 ഏക്കറോളം സ്ഥലം. അവസാനം ശേഷിച്ചത് 11 സെന്റും. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ പാർട്ടി ഫണ്ടിനോ സംഭാവനയ്ക്കോ കൈ നീട്ടാതിരുന്ന അദ്ദേഹം പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തിയത് സ്വന്തം സ്വത്ത് നഷ്ടപ്പെടുത്തിയാണ്. അതിൽ തെല്ലും പരിതപിച്ചുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |