തിരുവനന്തപുരം : ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി അബ്ദുറഹിമാൻ. ഇന്നലെ തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലെ പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. '' മെസി വരും,ട്ടോ""- എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്. പരിപാടി സ്പോൺസർ ചെയ്യുന്ന സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് നന്ദിയും മന്ത്രി കുറിച്ചിട്ടുണ്ട്. എന്നാൽ എന്നാണ് മെസി എത്തുകയെന്ന് മന്ത്രി അറിയിച്ചിട്ടില്ല.
അർജന്റീനയുടെ സൗഹൃദ മത്സരത്തിന് വേദിയൊരുക്കാൻ ഒരുവർഷത്തിലേറെയായി കേരളം ശ്രമിക്കുകയാണ്. 130കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ പരിപാടി സ്പോൺസർ ചെയ്യാമെന്ന് ആദ്യമേറ്റിരുന്ന സംഘടന പിന്മാറിയിരുന്നു.തുടർന്നാണ് ഇപ്പോഴത്തെ സ്പോൺസർമാർ എത്തിയത്.എന്നാൽ അർജന്റീന ഫുട്ബാൾ ഫെഡറേഷൻ ആവശ്യപ്പെട്ട പണം അടയ്ക്കുന്നത് ഈ സ്പോൺസർമാർ വൈകിപ്പിച്ചത് വാർത്തയായതോടെ മന്ത്രി ഇടപെട്ട് സ്പോൺസർമാരിൽ സമ്മർദ്ദം ചെലുത്തി. ഇതോടെ പണമടയ്ക്കാമെന്ന് അവർ പ്രസ്താവന നടത്തുകയും ചെയ്തു. ഇതിന്റെ ആദ്യഘട്ടമായി അടയ്ക്കേണ്ട തുകയുടെ ടി.ഡി.എസ് കുറച്ചുദിവസം മുമ്പ് അടച്ചിരുന്നു. എന്നാൽ തുക അടയ്ക്കാൻ വൈകിയതിനാൽ പലിശ വേണമെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ ആവശ്യപ്പെട്ടതിനാൽ ബാക്കി തുകയടപ്പ് നീണ്ടു. നക്കാരളത്തിൽ അർജന്റീന അസോസിയേഷനുമായി ചർച്ചകൾ നടന്നുവരികയായിരുന്നു. അക്കാര്യത്തിലും സമവായമുണ്ടായെന്ന് സൂചിപ്പിക്കുന്നതാണ് മന്ത്രിയുടെ പോസ്റ്റ്.
സാമ്പത്തികകാര്യങ്ങൾ ക്ളിയറായാൽ അർജന്റീന ഫുട്ബാൾ അസോസിയേഷൻ കളി നടക്കുന്ന സ്ഥലവും തീയതിയും പ്രഖ്യാപിക്കുമെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയുന്നത്. അതിന് മുമ്പ് കേരളത്തിലെ വേദി പരിശോധിക്കാൻ അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളെത്തും.തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് പദ്ധതി. കൊച്ചിയിലോ മലബാറിലോ ആരാധകരെ പങ്കെടുപ്പിച്ചുകൊണ്ട് പൊതുചടങ്ങ് സംഘടിപ്പിക്കാനും ശ്രമമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |