ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ളണ്ടിലേക്ക്
മുംബയ് : അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി പുതിയ നായകൻ ശുഭ്മാൻ ഗില്ലിന് കീഴിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ളണ്ടിലേക്ക് തിരിച്ചു. കോച്ച് ഗൗതം ഗംഭീർ, മുൻനിര താരങ്ങളായ ജസ്പ്രീത് ബുംറ,സിറാജ്, റിഷഭ് പന്ത്,കുൽദീപ്, അർഷ്ദീപ് തുടങ്ങിയർ സംഘത്തിലുണ്ട്. ഇന്ത്യ എ ടീമിന് കളിക്കുന്ന കരുൺ നായർ,കെ.എൽ രാഹുൽ തുടങ്ങിയവർ നേരത്തേ ഇംഗ്ളണ്ടിലെത്തിയിരുന്നു. വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും വിരമിച്ച ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ളണ്ടിൽ നടക്കുക.ഇതിന് മുമ്പ് നടന്ന രണ്ട് പരമ്പരകളിൽ തോറ്റതോടെയാണ് വിരാട്,രോഹിത്,അശ്വിൻ തുടങ്ങിയ സീനിയർ താരങ്ങൾ വിരമിച്ചൊഴിവായത്. കഴിഞ്ഞ വർഷം നടന്ന ന്യൂസിലാൻഡിനെതിരായ ഹോം സിരീസിലും ഓസീസ് പര്യടനത്തിലുമാണ് ഇന്ത്യ തോറ്റിരുന്നത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനുള്ള അവസരവും നഷ്ടമായി.
പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്കാണ് ഇംഗ്ളണ്ടിൽ തുടക്കമിടുക. പുതിയ മുഖവുമായി പഴയ പ്രതാപം വീണ്ടെടുക്കുക എന്ന വലിയ ലക്ഷ്യമാണ് ശുഭ്മാൻ ഗില്ലിന് മുന്നിലുള്ളത്. പരിചയസമ്പന്നരായ ജസ്പ്രീത് ബുംറ,റിഷഭ് പന്ത്.രവീന്ദ്ര ജഡേജ,കെ.എൽ രാഹുൽ തുടങ്ങിയവർ ഗില്ലിനൊപ്പമുണ്ട്. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുൺ നായർ മികച്ച ഫോമിലാണ്. ഇംഗ്ളണ്ട് ലയൺസിനെതിരെ ഇന്ത്യ എ ടീമിന്റെ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ കരുൺ ഇരട്ടസെഞ്ച്വറിയടിച്ചിരുന്നു. യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, സായ് സുദർശൻ,അർഷ്ദീപ് സിംഗ്,നിതീഷ് കുമാർ റെഡ്ഡി,അഭിമന്യു ഈശ്വരൻ,വാഷിംഗ്ടൺ സുന്ദർ,പ്രസിദ്ധ്കൃഷ്ണ,ആകാശ്ദീപ്,ധ്രുവ് ജുറേൽ തുടങ്ങിയവർ കരിയറിലെ വലിയ പരമ്പരയ്ക്കാണ് ഇറങ്ങുന്നത്.
അഞ്ച് ടെസ്റ്റുകളാണ് പര്യടനത്തിനുള്ളത്. അതിന് മുമ്പ് ഇന്ത്യ എ ടീമുമായി സന്നാഹമത്സരത്തിൽ കളിക്കും.
ടീം : ശുഭ്മാൻ ഗിൽ (ക്യാപ്‌ടൻ), പന്ത് ( വൈസ് ക്യാപ്‌ടൻ), കെ.എൽ രാഹുൽ, ജയ്സ്വാൾ, സായ് സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ,നിതീഷ്കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ,ധ്രുവ് ജുറേൽ,വാഷിംഗ്ടൺ സുന്ദർ,ശാർദ്ദൂൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ,അകാശ്‌ദീപ്,അർഷ്‌ദീപ്,കുൽദീപ് യാദവ്.
പര്യടന ഫിക്സ്ചർ
ജൂൺ 13-16
സന്നാഹ മത്സരം -ബക്കിംഗ്ഹാം
ഇന്ത്യ Vs ഇന്ത്യ എ
ജൂൺ 20-24
ആദ്യ ടെസ്റ്റ് - ലീഡ്സ്
ജൂലായ് 2-6
രണ്ടാം ടെസ്റ്റ് -ബർമിംഗ്ഹാം
ജൂലായ് 10-14
മൂന്നാം ടെസ്റ്റ് -ലോഡ്സ്
ജൂലായ് 23-27
നാലാം ടെസ്റ്റ് -മാഞ്ചസ്റ്റർ
ജൂലായ് 31 -ആഗസ്റ്റ് 4
അഞ്ചാം ടെസ്റ്റ് -ഓവൽ.
ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനിറങ്ങുമ്പോൾ സ്വാഭാവികമായും സമ്മർദ്ദമുണ്ടാകും. അതിനപ്പുറമുള്ള സമ്മർദ്ദമൊന്നും കളാപ്ടനായപ്പോൾ ഉണ്ടായിട്ടില്ല.മികച്ച വിജയം നേടാമെന്ന പ്രതീക്ഷയുണ്ട്.
- ശുഭ്മാൻ ഗിൽ,
ഇന്ത്യൻ ടെസ്റ്റ് ക്യാപ്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |