കോഴിക്കോട്: അശാസ്ത്രീയമായ സ്ഥലംമാറ്റൽ കാരണം ജീവനക്കാരില്ലാതെ സ്തംഭിച്ച് കോഴിക്കോട് കെ.എസ്.ആർ.ടി.സി. നിലവിൽ ജീവനക്കാരുടെ കുറവുകാരണം പലസർവീസുകളും യഥാസമയത്ത് നീക്കാതിരിക്കുമ്പോഴാണ് ഡ്രൈവർമാരേയും കണ്ടക്ടർമാരേയും വിദൂര ജില്ലകളിലേക്ക് മാറ്റിയത്. ഇതോടെ ജില്ലയിൽ നിന്നുള്ള അന്തർസംസ്ഥാന സർവീസുകളും മലയോര സർവീസുകളുമെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ജീവനക്കാരുടെ സംഘടന. പുതിയ ജീവനക്കാരുടെ നിയമനം നടക്കാത്തതിനാൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവുമൂലം സർവീസ് ക്യാൻസലേഷനും പൊതുജനങ്ങൾക്ക് യാത്രാ ബുദ്ധിമുട്ടും അനുഭവപ്പെടുകയാണ്. നിലവിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവ് അനുഭവിക്കുന്ന കോഴിക്കോട് ഡിപ്പോയിൽ നിന്ന് മുപ്പതോളം ഡ്രൈവർമാരെയും ഇരുപത്തി ഒന്നോളം കണ്ടക്ടർമാരെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വിദൂര ഡിപ്പോകളിലേക്ക് മൂന്നുമാസത്തെ വർക്ക് അറേഞ്ച് മെന്റ് എന്ന പേരിൽ സ്ഥലം മാറ്റാനുള്ള ഉത്തരവാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
ബ്രേക്ക് ഡൗൺ പതിവ്
ഇന്റർ സ്റ്റേറ്റ് സർവീസ് നടത്തുന്ന കാലാവധി കഴിഞ്ഞ പഴഞ്ചൻ ബസുകൾ മിക്കവാറും ദിവസങ്ങളിൽ ബ്രേക്ക് ഡൗൺ ആവുന്നത് പതിവാണ്. ഇങ്ങനെ വരുമ്പോൾ ബസിന്റെ തകരാറുകൾ പരിഹരിച്ച് നിശ്ചിത സമയത്ത് സർവീസ് അവസാനിപ്പിക്കാൻ കഴിയാറില്ല. അതിനാൽ പിറ്റേന്ന് ഡ്യൂട്ടിക്ക് പോവേണ്ട ജീവനക്കാർ വഴിയിൽ ബസിൽ കിടക്കേണ്ട അവസ്ഥയിലാണ്. ഈ വർഷം മേയ് മാസത്തിൽ സംസ്ഥാനത്ത് ഒന്നാകെ 600 ൽ പരം ജീവനക്കാർ റിട്ടയർ ആകുമ്പോൾ കോഴിക്കോട് ഡിപ്പോയിൽ നിന്ന് മാത്രം ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കം ഇരുപതിൽ അധികം പേർ സർവീസിൽ നിന്നും പിരിഞ്ഞിട്ടുണ്ട്. ആ ഒഴിവ് നികത്താൻ പോലും ഓരോ ഡിപ്പോയിലും ജീവനക്കാർ ഇല്ല. അടിയന്തരമായി ഇവരുടെ ട്രാൻസ്ഫർ റദ്ദ് ചെയ്യുകയോ അല്ലെങ്കിൽ പകരം ഡ്രൈവർമാരേയും കണ്ടക്ടർമാരേയും നൽകുകയോ ചെയ്തില്ലെങ്കിൽ കോഴിക്കോട് നിന്നുള്ള കെ.എസ്#.ആർ.ടി.സി സർവീസുകൾ സ്തംഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നു.
" പുതിയ നിയമനങ്ങൾ നടത്താനും പി.എസ്.സി ലിസ്റ്റിൽ ഉള്ള ജീവനക്കാർക്ക് സ്ഥിര നിയമനം നൽകാനും ഷെഡ്യൂൾ ക്യാൻസലേഷൻ വരാതെ വരുമാനം വർദ്ധിപ്പിക്കാനും പൊതുജനങ്ങൾക്ക് യാത്ര ക്ലേശം വരാതിരിക്കാനും അടിയന്തരമായി മാനേജ്‌മെന്റും സർക്കാറും നടപടി സ്വീകരിക്കണം. "
സിദ്ധീഖലി മടവൂർ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എ.സ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |