പ്രമാടം : വിലയിടിവും ഉയർന്ന പരിപാലന ചെലവും മൂലം നട്ടംതിരിയുന്ന വെറ്റില കർഷകർക്ക് ഇരുട്ടടിയായി കാറ്റും മഴയും. ജില്ലയിൽ ഒരു ഹെക്ടർ സ്ഥലത്തെ വെറ്റിലക്കൃഷി പ്രതികൂല കാലാവസ്ഥയെ തുടർന്ന് നശിച്ചു. കൃഷി നഷ്ടമായതോടെ പലരും ഉപേക്ഷിച്ചുപോകുന്ന അവസ്ഥയിലാണ്. കൃഷിവകുപ്പ് നാശനഷ്ട കണക്ക് ശേഖരിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിൽ ആശങ്കകൾ ഏറെയുണ്ട്. അന്യംനിന്നുപോകുന്ന വെറ്റില കൃഷി വീണ്ടും സജീവമാകുന്നതിന് പിന്നാലെയാണ് കാറ്റും മഴയും നാശം വിതച്ചത്. ഒരുകാലത്ത് ജില്ലയിൽ നെൽ കൃഷി പോലെ സജീവമായിരുന്ന വെറ്റില കൃഷി ഇപ്പോൾ നാമമാത്രമായിരിക്കുന്നു. വിലയിടിവും പരിപാലന ചെലവും കൂടിയത് കൃഷി ഉപേക്ഷിക്കാൻ കാരണമായി. പുതുതലമുറ ഈ കൃഷിയിലേക്ക് ഇറങ്ങിയിട്ടില്ല. പരമ്പരാഗതമായി വെറ്റില കൃഷി ചെയ്തു വരുന്നവരാണ് ഇപ്പോഴും ഈ രംഗത്തുള്ളത്.
താംബൂലത്തിനും മംഗളകാര്യങ്ങൾക്കും ഔഷധവുമായൊക്കെ ഉപയോഗിക്കുന്ന സസ്യമാണെങ്കിലും വിലസ്ഥിരതയില്ലാത്തത് വലിയ പ്രതിസന്ധിയാണ്. മറ്റു കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണിയിലെ വിലസ്ഥിരതയോ ഇവർക്ക് ലഭ്യമല്ല. പത്ത് സെന്റിൽ കൃഷി ഇറക്കണമെങ്കിൽ അര ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കർഷകർ പറയുന്നു.
വില സ്ഥിരതയില്ലാത്ത കൃഷി
ഒരുകെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ 30 മുതൽ 50 രൂപ വരെ മാത്രമാണ് വിപണിയിൽ ലഭിക്കുക. നാല് അടുക്കുകളിലായി 20 എണ്ണം വീതം 80 വെറ്റിലയാണ് ഒരു കെട്ടിലുള്ളത്. മാസങ്ങൾക്ക് മുമ്പ് വരെ നൂറ് രൂപയോളം വില ലഭിക്കുമായിരുന്നു. കൊവിഡ് സമയത്ത് 240 - 300 രൂപ വരെ ലഭിച്ചിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്നാണ് മറ്റ് കൃഷികൾ ഉപേക്ഷിച്ച് പലരും വെറ്റില കൃഷിയിലേക്ക് മാറിയത്.
തൊഴിലാളികളുടെ കൂലിയും പരിപാലന ചെലവും കഴിഞ്ഞാൽ ലാഭമൊന്നും കിട്ടാനില്ല. ഇതിന് പിന്നാലെയാണ് പ്രകൃതിക്ഷോഭം നാശം വിതച്ചത്.
കർഷകർ
കാറ്റും മഴയും നാശം വരുത്തിയ വെറ്റില കൃഷിക്ക് ന്യായമായ നഷ്ടപരിഹാരം വേണമെന്നും വിപണിയിൽ വിലസ്ഥിരത വേണമെന്നുമാണ് കർഷകരുടെ ആവശ്യം.
ജില്ലയിൽ വെറ്റില കൃഷി നശിച്ചത് : ഒരു ഹെക്ടർ സ്ഥലത്ത്
നഷ്ടം നേരിട്ടത് : 43 കർഷകർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |