പടിഞ്ഞാറെ കല്ലട: ചവറ (ടൈറ്റാനിയം ജംഗ്ഷൻ) മുതൽ ഭരണിക്കാവ് വരെയുള്ള സംസ്ഥാനപാതയിൽ, പ്രത്യേകിച്ച് കാരാളിമുക്ക് മുതൽ ചേനങ്കരമുക്ക് വരെയുള്ള ഭാഗം കനത്ത മഴയിൽ കുണ്ടും കുഴിയുമായി മാറി. ഇത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുകയാണ്.
മഴയിൽ തകർന്ന റോഡ്, വർദ്ധിക്കുന്ന അപകടങ്ങൾ
ഏതാനും ആഴ്ചകൾക്ക് മുൻപ് ടാർ ചെയ്ത് അടച്ച വലിയ കുഴികളും മഴയിൽ വീണ്ടും തുറന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വേഗതയിലെത്തുന്ന വാഹനങ്ങൾ കുഴികളിലെ വെള്ളക്കെട്ടിൽ വീണ് നിയന്ത്രണം തെറ്റുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നത് പതിവാണ്. കൂടാതെ, എതിരെ വരുന്ന വാഹനങ്ങളിൽ ഇടിച്ചുള്ള അപകടങ്ങളും സാധാരണമാണ്.
ഗതാഗതക്കുരുക്കും തർക്കങ്ങളും
കുഴികൾ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും യാത്രക്കാർ തമ്മിൽ തർക്കങ്ങളുണ്ടാകുന്നതും നിത്യസംഭവമാണ്. കാരാളിമുക്ക് പെട്രോൾ പമ്പിന് മുന്നിലും തേവലക്കര തോപ്പിൽ മുക്കിലെ കൊടുംവളവിലുമുള്ള കുഴികളാണ് ഏറ്റവും അപകടകരമായിട്ടുള്ളത്.
ഓടകൾ അനിവാര്യം
റോഡിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതാണ് കുഴികൾ രൂപപ്പെടാനുള്ള പ്രധാന കാരണം. റോഡിന്റെ വശങ്ങളിൽ ഓടകൾ നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്നും റോഡിലെ കുഴികൾ അടച്ച് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
സംസ്ഥാനപാതയിൽ കാരാളിമുക്ക് മുതൽ ചേനങ്കര മുക്ക് വരെയുള്ള റോഡിലെ കുഴികൾ അടച്ച് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കും .
സച്ചിൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ പി.ഡബ്ല്യു.ഡി (റോഡ്സ് വിഭാഗം) കരുനാഗപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |