വാഷിംഗ്ടൺ: വിമർശനം, വെല്ലുവിളി, ഭീഷണി...സർക്കാരിന്റെ പുതിയ ടാക്സ്-ബഡ്ജറ്റ് ബില്ലിനെ ചൊല്ലി തുടങ്ങിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലെ ഭിന്നത പുതിയ തലത്തിലേക്ക്. സോഷ്യൽ മീഡിയയിലൂടെയുള്ള ഇരുവരുടെയും അധിക്ഷേപം അതിരുകടന്നു.
മസ്കിന്റെ കമ്പനികൾക്കുള്ള സർക്കാർ കരാർ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. അമേരിക്കൻ ബഹിരാകാശ യാത്രികർ ഉപയോഗിക്കുന്ന തന്റെ സ്പേസ് എക്സ് കമ്പനിയുടെ പേടകം ഡീ കമ്മിഷൻ ചെയ്യുമെന്ന് മസ്ക് തിരിച്ചടിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പ്രസ്താവന പിൻവലിച്ചു.
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് എക്സിലൂടെ മസ്ക് നിർദ്ദേശിച്ചു. യു.എസിൽ പുതിയ പാർട്ടി തുടങ്ങുന്നതിനെക്കുറിച്ചും പറഞ്ഞു. അതേസമയം, ട്രംപ്-മസ്‌ക് തുറന്ന പോര് മസ്കിന്റെ ടെസ്‌ല കമ്പനിക്ക് കനത്ത തിരിച്ചടിയായി. യു.എസ് വിപണിയിൽ ടെസ്‌ലയുടെ ഓഹരികൾ 14 ശതമാനത്തിലധികം ഇടിഞ്ഞു.
തന്റെ ടെസ്‌ല കാർ വിൽക്കാനാണ് ട്രംപിന്റെ ആലോചന. ഇന്നലെ നിരവധി മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയ ട്രംപ് മസ്കിനെ സ്വബോധം നഷ്ടമായ ആളെന്ന് വിശേഷിപ്പിച്ചു. മസ്കുമായി ട്രംപ് ഫോണിൽ സംസാരിക്കുമെന്ന് ഇന്നലെ റിപ്പോർട്ട് വന്നെങ്കിലും വൈറ്റ് ഹൗസ് തള്ളി.
# 24 മണിക്കൂറിനുള്ളിൽ തകർന്നു !
24 മണിക്കൂർ കൊണ്ട് ട്രംപ്-മസ്ക് ഭിന്നത തുറന്ന ഏറ്റുമുട്ടലായി. ട്രംപിന്റെ ഉപദേശകനായിരുന്ന മസ്ക് കാലാവധി കഴിഞ്ഞ് മേയ് 30ന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയതിന് പിന്നാലെ ബില്ലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ബില്ല് ചെലവ് കൂട്ടുമെന്നും ഖജനാവിന് ബാദ്ധ്യതയാകുമെന്നുമാണ് മസ്കിന്റെ വാദം. ബില്ല് അമേരിക്കയെ പാപ്പരാക്കുമെന്നും ബില്ലിനെ പിന്തുണച്ച രാഷ്ട്രീയക്കാരെ അടുത്ത തിരഞ്ഞെടുപ്പിൽ പുറത്താക്കണമെന്നുമൊക്കെ വിമർശനം ആവർത്തിച്ചു.
ഇതോടെ വ്യാഴാഴ്ച രാത്രി ട്രംപ് മസ്കിനെതിരെ ആദ്യമായി പ്രതികരിച്ചു. പിന്നാലെ മസ്ക് രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടലായി.
# മസ്‌കിനെ നാടുകടത്തൂ....
മസ്കിനെതിരെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തി. മസ്ക് രാജ്യത്തേക്ക് നിയമാനുസൃതമായാണോ കുടിയേറിയതെന്ന് പരിശോധിക്കോണമെന്നും നാടുകടത്തണമെന്നുമൊക്കെ ആവശ്യം ഉയർന്നു. പ്രസിഡൻഷ്യൽ പ്രചാരണം മുതൽ ക്യാബിനറ്റ് യോഗങ്ങളിൽ വരെ ട്രംപിന്റെ വലംകൈ ആയി ഒപ്പമുണ്ടായിരുന്ന മസ്കിനോട് റിപ്പബ്ലിക്കൻ പാർട്ടിയിൽ അതൃപ്തിയുണ്ടായിരുന്നു.
# അടിയിട്ട്....
ട്രംപ് - മസ്കുമായി മികച്ച ബന്ധമുണ്ടായിരുന്നു. ഇനി ഞങ്ങൾക്കിടെയിൽ ആ ബന്ധം ഉണ്ടാകുമോ എന്ന് അറിയില്ല. മസ്‌കിൽ ഞാൻ വളരെ നിരാശനാണ്. ഞാൻ മസ്‌കിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്
മസ്ക് - ഞാനില്ലായിരുന്നെങ്കിൽ ട്രംപ് ഇലക്ഷനിൽ തോൽക്കുമായിരുന്നു. എന്തൊരു നന്ദികേട് !
ട്രംപ് - ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ആനുകൂല്യം ഞാൻ എടുത്തു കളയുന്നത് മസ്കിന് രസിച്ചില്ല. അയാൾക്ക് ഭ്രാന്തായി. മസ്കിന് സർക്കാർ നൽകിയിട്ടുള്ള സബ്സിഡികളും കരാറുകളും അവസാനിപ്പിക്കുന്നതാണ് ടാക്സ് ബില്ലിൽ പണം ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം
മസ്ക് - ട്രംപിന്റെ താരിഫുകൾ ഇക്കൊല്ലം രണ്ടാം പകുതിയിൽ മാന്ദ്യം സൃഷ്ടിക്കും. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിടാതെ കൈവശംവച്ചിരിക്കുന്ന ഫയലുകളിൽ ട്രംപിന്റെ പേരുമുണ്ട് !
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |