റോം : ഇറ്റാലിയൻ നടൻ എൻസോ സ്റ്റയോള (85) അന്തരിച്ചു. ബുധനാഴ്ച റോമിലായിരുന്നു അന്ത്യം. വിഖ്യാത ഇറ്റാലിയൻ ചലച്ചിത്രകാരൻ വിറ്റോറിയോ ഡി സികയുടെ മാസ്റ്റർപീസ് ചിത്രമായ 'ബൈസിക്കിൾ തീവ്‌സി"ലെ (1948) ബ്രൂണോ എന്ന കുട്ടിയുടെ വേഷം അവതരിപ്പിച്ചത് സ്റ്റയോളയാണ്.
എട്ടാം വയസിൽ അഭിനയിച്ച ഈ കഥാപാത്രം ലോകശ്രദ്ധനേടി. അവിചാരിതമായാണ് സ്റ്റയോള സിനിമയിലെത്തുന്നത്. ബ്രൂണോയെ അവതരിപ്പിക്കാൻ പറ്റിയ സാധാരണ കുടുംബത്തിൽപ്പെട്ട ഒരു കുട്ടിയെ തേടുകയായിരുന്നു ഡി സിക. അങ്ങനെയിരിക്കെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന സ്റ്റയോളയെ അദ്ദേഹം വഴിയിൽ വച്ച് കാണാനിടയായി. തുടർന്ന് സ്റ്റയോളയുടെ വീട്ടിലെത്തിയ ഡി സിക തന്റെ പുതിയ ചിത്രത്തിൽ സ്റ്റയോളയെ അഭിനയിപ്പിക്കാൻ ആഗ്രഹിക്കുന്നതായി മാതാപിതാക്കളെ അറിയിച്ചു. ആദ്യം മടിച്ചെങ്കിലും കുടുംബത്തിന് സമ്മതിക്കേണ്ടി വന്നു. ഓഡിഷൻ ഇല്ലാതെയാണ് സ്റ്റയോള ബൈസിക്കിൾ തീവ്‌സിൽ അഭിനയിച്ചത്.
ദ ബെയർഫൂട്ട് കോണ്ടസ, ജേണി ടു ലവ്, ബ്ലാക്ക് ഫെതേഴ്സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ദ പൈജാമ ഗേൾ കേസ് (1977) എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ഗണിത അദ്ധ്യാപകനായിരുന്ന സ്റ്റയോള ലാൻഡ് രജിസ്ട്രി ക്ലാർക്കായും പ്രവർത്തിച്ചു. ഭാര്യ അന്ന. ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |