ബംഗളൂരു: ഭാര്യയുടെ തല വെട്ടിയെടുത്ത് അതുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ കാച്ചനക്കനഹള്ളി സ്വദേശി ശങ്കര്‍ (28) പൊലീസിന്റെ പിടിയിലായി. ഭാര്യ മാനസ (26)യ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ശങ്കറിനും മാനസയ്ക്കും മൂന്ന് വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടിയുണ്ട്.
ചന്ദപുരയില്‍ നിന്ന് അനേക്കലിലേക്കുള്ള റോഡിലൂടെ സ്‌കൂട്ടറില്‍ ഭാര്യയുടെ തലയുമായി സഞ്ചരിക്കുമ്പോഴാണ് ശങ്കര്‍ പിടിയിലായത്. വസ്ത്രത്തില്‍ രക്തക്കറ പുരണ്ട നിലയില്‍ ഒരാള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് സ്‌കൂട്ടറിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് യുവതിയുടെ തല കിട്ടിയത്. ചോദ്യം ചെയ്യലില്‍ ഇത് തന്റെ ഭാര്യയുടെ തലയാണെന്നും താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ശങ്കര്‍ കുറ്റസമ്മതം നടത്തി.
2020ലാണ് ശങ്കറും മാനസയും വിവാഹം കഴിച്ചത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഒരു മാസം മുമ്പാണ് ഹീലാലിഗെയിലെ വീട്ടിലേക്ക് വാടകയ്ക്ക് താമസ മാറിയത്. മാനസയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് ശങ്കര്‍ സംശയിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് കൂടുന്നതും പതിവായിരുന്നു. കാമുകനെന്ന് ശങ്കര്‍ ആരോപിക്കുന്ന യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി മാനസയെ അയാള്‍ക്കൊപ്പം പറഞ്ഞുവിടുകയും ചെയ്തു.
ഇവിടെ നിന്ന് ഒരു ഹോസ്റ്റലിലേക്ക് താമസം മാറിയ മാനസ പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ നേരിട്ട് വിളിച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് അറിയിച്ചു. കുഞ്ഞിന്റെ ഭാവിയെ ഓര്‍ത്ത് എല്ലാം സമാധാനമായി തീര്‍ക്കണം എന്നായിരുന്നു മാനസ പറഞ്ഞത്. ഇതനുസരിച്ച് ശങ്കര്‍ താമസിക്കുന്ന സ്ഥലത്തേക്ക് എത്തി. എന്നാല്‍ സംസാരത്തിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഒരു കോടാലി ഉപയോഗിച്ച് ശങ്കര്‍ മാനസയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |