കോട്ടയം : നഷ്ടം സഹിച്ച് എത്രകാലം മുന്നോട്ടുപോകും... ഏറെക്കാലമായി ക്ഷീരകർഷകർ ഒരേസ്വരത്തിൽ ഉയർത്തുന്ന ചോദ്യമാണ്. ഒരുവിധത്തിലും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കാലിവളർത്തൽ അവസാനിപ്പിക്കുകയാണ് പലരും. ഫാമുകൾ ഉൾപ്പെടെ ഏറിയ പങ്കും അടച്ചുപൂട്ടിയത് ജില്ലയിൽ പാൽ ഉത്പാദനത്തെയും സാരമായി ബാധിച്ചു. വരുമാനത്തിനപ്പുറം കാലികളുടെ പരിപാലന ചെലവ് കുത്തനെ കൂടിയതാണ് തിരിച്ചടിയായത്. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുൽ എന്നിവയുടെ വില വൻതോതിലാണ് വർദ്ധിച്ചത്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 65 രൂപയോളമാണ് ചെലവ്. കർഷകർക്കു ലഭിക്കുന്നതാകട്ടെ 40 രൂപ വരെ. 70 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാനാകൂവെന്ന് കർഷകർ പറയുന്നു.
രണ്ടോ മൂന്നോ പശുക്കളുള്ളവരാണ് കർഷകരിലേറെയും. മറ്റു വരുമാനമില്ലാത്തവരാണ് കൂടുതൽ പ്രതിസന്ധിയിലായത്.
കടലാസിലൊതുങ്ങി ആനുകൂല്യങ്ങൾ
ക്ഷീരകർഷകർക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ പലപ്പോഴും കടലാസിലൊതുങ്ങുകയാണ്. മൃഗാശുപത്രികളിൽ ആവശ്യത്തിന് മരുന്നും ലഭിക്കുന്നില്ല. സ്വകാര്യ മെഡിക്കൽ ഷോപ്പിനെ ആശ്രയിക്കണം. പല ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരുമില്ല. നിലവിൽ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് അത്യുത്പാദന ശേഷിയുള്ള കന്നുകാലികളെ കൊണ്ടുവരുന്നത്. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് ചെലവ്. എന്നാൽ തുടർചികിത്സയും സൗകര്യങ്ങളും ലഭിക്കാത്തതിനാൽ പരിപാലിക്കാൻ ബുദ്ധിമുട്ടേറെയാണ്. പ്രതിമാസം മരുന്നിന് 5000 - 1000 വരെയാണ് ചെലവ്.
പ്രതിസന്ധികൾ നിരവധി
കാലിത്തീറ്റ വിലയിലെ വർദ്ധന
തൊഴിലാളികളുടെ കൂലി വർദ്ധന
പുൽകൃഷി ചെലവിലെ വർദ്ധന
കാലാവസ്ഥ മൂലമുള്ള പ്രശ്‌നങ്ങൾ
വൈദ്യുതി, വെള്ളം നിരക്ക് വർദ്ധന
അടിക്കടിയുണ്ടാകുന്ന രോഗബാധ
ക്ഷീരകർഷകർക്കായി സർക്കാർ വിവിധ സബ്‌സിഡികളും ആനുകൂല്യങ്ങളും വർഷം തോറും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും ലഭിക്കാറില്ല. റബർ വിലയിടിവിനെ തുടർന്ന് മലയോരമേഖലയിലെ കർഷകർ പശു വളർത്തലിലേക്ക് തിരിഞ്ഞിരുന്നു. പ്രതിസന്ധികളേറിയതോടെ വൻതുക വായ്പയെടുത്ത് ഫാം തുടങ്ങിയ പലരും കടക്കെണിയിലാണ്.
-(ജൂബി നെടുംകുന്നം ക്ഷീരകർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |