പെണ്ണ്. വണ്ണമുള്ള പെണ്ണ്. തന്റെ ശരീരത്തെ സ്നേഹിക്കുന്ന,അതിനെ കുറ്റപ്പെടുത്തുന്നവരെ വെല്ലുവിളിക്കുന്ന പെണ്ണ്. തിരുവനന്തപുരം സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണറായ ശ്രുതി.ജെ.എസ് പൊതുസമൂഹത്തിൽ കൈയൊപ്പിടുന്നത് ശരീരത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കവിതകളിലൂടെയാണ്.
2014ൽ സിവിൽ സർവീസ് നേടിയ ശ്രുതി 'വജൈന ഡയലോഗ്സ്" എന്ന കവിതാസമാഹാരത്തിലൂടെ അത്യുക്തി കലർത്താതെ സ്ത്രീപക്ഷചിന്തകൾ വിളംബരം ചെയ്യുന്നു. കുഞ്ഞിന് ജന്മം നൽകുന്ന ഗർഭപാത്രവും അവൻ ചാഞ്ഞ് മയങ്ങുന്ന മാറിടങ്ങളും അശ്ലീലമാകുന്നതെങ്ങനെ? കോപത്തിന്റെ പാരമ്യത്തിൽ അസഭ്യം വിളിക്കാൻ പെൺ ഉടലിലെ സ്വകാര്യഭാഗങ്ങളെ കൂട്ടുപിടിക്കുന്നത് എന്തിന്?ശ്രുതിയുടെ ചോദ്യങ്ങൾ കപടസദാചാരവാദികളെ അസ്വസ്ഥരാക്കും.
'ചെറുപ്പത്തിൽ ഒരുപാട് ബോഡി ഷെയിമിംഗ് കേട്ടാണ് വളർന്നതെന്ന് ശ്രുതി പറയുന്നു. പുസ്തകത്തിന് ഇങ്ങനെ പേരിടുമ്പോൾ അത് അത്ര വലിയ കാര്യമാണെന്ന് കരുതിയില്ല. കൂട്ടത്തിലെ അവസാനത്തെ കവിതയുടെ പേരാണിത്. തന്റെ സ്വകാര്യ ഇടവുമായുള്ള സംഭാഷണമാണ് ആ കവിതയെന്ന് ശ്രുതി പറയുന്നു. എഴുത്തിലൂടെ മറ്റൊരാൾ തന്നെ എങ്ങനെ നോക്കിക്കണ്ടാലും കുഴപ്പമില്ല. കുഞ്ഞുനാളിൽ നേരിട്ട ലൈംഗികാതിക്രമം,ഭോപ്പാലിൽ സർവീസിലിരുന്നപ്പോൾ ലഭിച്ച അനുഭവങ്ങൾ,മാനസികസമ്മർദ്ദം,ഫെമിനിസം ഉൾപ്പെടെയുള്ള പ്രമേയങ്ങൾ പുസ്തകത്തിലുണ്ട്.
ഗ്രൂപ്പ് എ സർവീസിലടക്കം സ്ത്രീയെ ലൈംഗികവസ്തുവായി കാണുന്ന പുരുഷന്മാരുണ്ടെന്ന് ശ്രുതി പറയുന്നു. സർവീസും പ്രായവും ദേശവും താണ്ടുമ്പോഴും ചിലരുടെ ചിന്താഗതികൾക്ക് മാറ്റമില്ല. ഇപ്പോൾ തിട്ടമംഗലത്താണ് താമസം.
അപ്പൂപ്പന്റെ സ്വാധീനം
പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ.വെള്ളായണി അർജുനൻ ശ്രുതിയുടെ അമ്മ ഡോ.സുപ്രിയയുടെ അച്ഛനാണ്. ചെറുകഥകളുടെ സമാഹാരമായ ആദ്യ പുസ്തകം 'ദി ഡേ ഷീ മെറ്റ് ഹെർ" പ്രകാശനം ചെയ്തപ്പോൾ ശ്രുതി കവിതകൾ എഴുതിക്കാണണമെന്ന് അപ്പൂപ്പൻ പറഞ്ഞു. പ്രസ്ക്ലബിൽ നടന്ന അദ്ദേഹത്തിന്റെ രണ്ടാം അനുസ്മരണസമ്മേളനത്തിൽ വച്ചായിരുന്നു 'വജൈന ഡയലോഗ്സിന്റെ" പ്രകാശനം. എ.ഐ,കമ്പ്യൂട്ടർ വിഷൻ എന്നീ രംഗങ്ങളിൽ കൺസൾട്ടന്റായ നിതിൻ വടക്കേപ്പാട്ടാണ് ജീവിതപങ്കാളിയും ഏറ്റവും വലിയ പിന്തുണയും. സ്വന്തം ആരോഗ്യവും സന്തോഷവും വരെ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന ഉത്തരവാദിത്വമായി മാതൃത്വത്തെ മഹത്വവത്കരിക്കുന്നകാലത്ത് കുട്ടികൾ വേണ്ടെന്ന് വിവാഹത്തിന് മുൻപേ ഇരുവരും തീരുമാനിച്ചു. ഇപ്പോഴും പിന്നോട്ട് ചിന്തിക്കുന്ന മനുഷ്യരില്ലേ എന്ന ചോദ്യത്തിന് ലെഗിൻസ് ഇടുന്നത് തെറ്റെന്ന് ചിന്തിച്ച ഇടത്ത് നിന്ന് നമ്മൾ ഇത്രയും മാറിയില്ലേ? ഇനിയും മാറ്റം വരും എന്നാണ് ശ്രുതിയുടെ ഉത്തരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |