തിരുവനന്തപുരം : പത്തോളം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിവന്ന മുപ്പതുകാരി ഒടുവിൽ പിടിയിലായി. പുതിയ വിവാഹം കഴിക്കാനിരുന്ന ദിവസമാണ് എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്തുപറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മയെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്, ആര്യവാട് ഗ്രാമ പഞ്ചായത്ത് അംഗവുമായാണ് രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 45 ദിവസം മുമ്പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് അനീഷുമായുള്ള വിവാഹത്തിന് എത്തിയത്. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയംതോന്നി അനീഷും സുഹൃത്തായ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തംഗവും ഭാര്യയും ചേർന്ന് രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുമ്പ് വിവാഹം കഴിച്ചതിന്റെ രേഖകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഈ വിവാഹത്തിനുശേഷം 12ന് തിരുവനന്തപുരത്തു തന്നെയുള്ള മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്മ. രണ്ടുവയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പരസ്യംകണ്ട് ബന്ധപ്പെടുന്നവരോട് സിനിമയെ വെല്ലുംവിധം കഥകൾ പറഞ്ഞ് വശത്താക്കും. വിവാഹത്തിന് പിന്നാലെ കൈയിൽ കിട്ടുന്നതുമായി സ്ഥലംവിടും. എറണാകുളം, തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവരെയാണ് നേരത്തെ വിവാഹം കഴിച്ചത്. 12ന് വിവാഹം കഴിക്കാനിരുന്നയാൾ സ്റ്റേഷനിലെത്തിയെങ്കിലും പരാതി നൽകാൻ തയ്യാറായില്ല.
വിവാഹപരസ്യം നൽകിയ വെബ്സൈറ്റിൽ അനീഷിന്റെ ഫോൺ നമ്പരിലേക്ക് രേഷ്മയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീയാണ് ആദ്യം വിളിച്ചത്. രേഷ്മയുടെ ഫോൺനമ്പർ കൈമാറി. കോട്ടയം ലുലുമാളിൽവച്ച് പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്ക് താത്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ വിശ്വസിപ്പിച്ചു. ആറിന് ആര്യനാട്ടുവച്ച് വിവാഹം നടത്താമെന്ന് അനീഷ് ഉറപ്പുനൽകി. 5ന് വൈകിട്ട് വെമ്പായത്തെത്തിയ രേഷ്മയെ അനീഷ് കൂട്ടിക്കൊണ്ടുവന്ന് സുഹൃത്തായ ഉഴമലയ്ക്കൽ പഞ്ചായത്തംഗത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. വിവാഹദിവസം രാവിലെ ബ്യൂട്ടിപാർലറിൽ പോകണമെന്ന് രേഷ്മ വാശിപിടിച്ചു. സംശയം തോന്നിയതോടെ രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്തായിരുന്നു ബാഗ് പരിശോധിച്ചത്.
2014ൽ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കേ രേഷ്മ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി. 2017വരെ ഇയാളോടൊപ്പം താമസിച്ചു. പിന്നീട് പിരിഞ്ഞ് 2022നകം നാല് വിവാഹം കഴിച്ചു. 2023ൽ കുട്ടിയുണ്ടായി. 2025 ഫെബ്രുവരി 19നും മാർച്ച് ഒന്നിനും ഓരോ വിവാഹങ്ങൾ കഴിച്ചു. ഏപ്രിലിൽ തിരുമല സ്വദേശിയെ വിവാഹം കഴിക്കാനൊരുങ്ങിയെങ്കിലും യുവാവ് അപകടത്തിൽപ്പെട്ടതിനാൽ നടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |