മലപ്പുറം: അനന്തു ഇനി സ്കൂളിലും വരില്ല. കൂട്ടുകാർക്കും അദ്ധ്യാപകർക്കുമായി പാട്ടുകൾ പാടില്ല. പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ (15) വേർപാടിൽ അദ്ധ്യാപകരും സഹപാഠികളുമടക്കം വിങ്ങിപ്പൊട്ടി. നാളെ കാണാമെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് ചിരികളിയുമായി പോയതാണ്. ഇന്നലെ മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയത് ചേതനയറ്റ്. നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി. അന്ത്യാഞ്ജലിയർപ്പിക്കാൻ നാടൊന്നാകെ ഒഴുകിയെത്തി.
എല്ലാവർക്കും ഇഷ്ടമായിരുന്നു അവനെ. പഠനത്തിൽ മിടുക്കൻ. നല്ല ഗായകൻ. ഒരു ദിവസം അവൻ ക്ലാസിൽ വന്നില്ലെങ്കിൽ കൂട്ടുകാർക്ക് മിസ് ചെയ്യുമായിരുന്നു. ഇനി അവൻവരില്ല ആ സ്കൂൾ മുറ്റത്തേക്ക്. സ്‌കൂളിലെ പൊതുദർശനത്തിനുശേഷം അനന്തുവിന്റെ മൃതദേഹം വഴിക്കടവ് വെള്ളക്കെട്ടയിലെ വീട്ടിലെത്തിച്ചു. വലിയ വാഹനമൊന്നും പോവാത്ത വീട്ടിലേക്കുള്ള വഴിയിൽ നാട്ടുകാർ ചുമന്നാണ് മൃതദേഹമെത്തിച്ചത്. ഉച്ചയ്ക്ക് രണ്ടിന് കുട്ടിക്കുന്ന് ശ്മശാനത്തിൽ സംസ്‌കരിച്ചു.
ശനിയാഴ്ച രാത്രി എട്ടോടെയാണ് കാട്ടുപന്നിക്ക് വച്ച വൈദ്യുതകെണിയിൽ നിന്ന് ഷോക്കേറ്റ് ആമാടൻ സുരേഷ്- ശോഭ ദമ്പതികളുടെ മകൻ അനന്തു എന്ന ജിത്തു മരിച്ചത്. സംഭവത്തിൽ സുരേഷിന്റെ സഹോദരൻമാരുടെ മക്കളായ യദുകൃഷ്ണൻ(24), ഷാനു വിജയ്(19) എന്നിവർക്കും പരിക്കേറ്റു. വൈദ്യുതി കെണിയൊരുക്കിയ പുത്തിരിപ്പാടം നമ്പ്യാടൻ വിനീഷ് എന്ന കുഞ്ഞുട്ടനെ(36) അറസ്റ്റുചെയ്തു.
വൈകിട്ട് ഫുട്ബാൾ കളിച്ചശേഷം ചട്ടിപ്പാറ മലന്തോട്ടിൽ മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം. കെ.എസ്.ഇ.ബി ലൈനിൽനിന്ന് അനധികൃതമായി ലൈൻ വലിച്ച് കൃഷിയിടത്തിന്റെ ചുറ്റുവേലിയിലേക്ക് കണക്ഷൻ നൽകിയാണ് കാട്ടുപന്നിക്കായി കെണിയൊരുക്കിയിരുന്നത്. അനന്തുവിന്റെ സഹോദരിമാർ: കൃഷ്ണേന്ദു, ദേവിക. പ്രതി വിനീഷിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. പന്നിയെ പിടികൂടി മാംസവ്യാപാരം നടത്താനാണ് കെണിവച്ചതെന്ന് ഇയാൾ മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |