കോട്ടിക്കുളം: തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന് ബേക്കൽ കടപ്പുറത്ത് തമ്പുരാൻ വളപ്പിൽ ലക്ഷങ്ങൾ ചെലവിട്ട് പണിത മത്സ്യഭവനും പിഞ്ചു കുട്ടികൾക്കായി പണിത അങ്കണവാടി കെട്ടിടവും ആരും തിരിഞ്ഞുനോക്കാതെ നോക്കുകുത്തിയായി. അധികൃതരുടെ തികഞ്ഞ അനാസ്ഥയ്ക്കും അലംഭാവത്തിനും നേർസാക്ഷ്യമാണ് കാടുമൂടി കിടക്കുന്ന ഈ കെട്ടിടങ്ങൾ.
ബേക്കൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്രം കമ്മിറ്റി 2004ൽ ദാനമായി നൽകിയ അഞ്ച് സെന്റ് ഭൂമിയിൽ നിർമ്മിച്ച മത്സ്യഭവൻ ഇന്ന് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. ഒമ്പത് വർഷം കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിക്കാത്തതിനാൽ വലയും മീൻപിടുത്ത സാമഗ്രികളും സൂക്ഷിക്കുന്ന ഗോഡൗണായി മാറിയിരിക്കുകയാണ് കെട്ടിടം.
2006ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന എസ്. ശർമ്മ ഉദ്‌ഘാടനം ചെയ്തതാണ് മത്സ്യഭവൻ. അന്നത്തെ എം.എൽ.എ കെ.വി. കുഞ്ഞിരാമനായിരുന്നു അദ്ധ്യക്ഷത വഹിച്ചിരുന്നത്. കെട്ടിടത്തിലേക്ക് ഫർണ്ണിച്ചർ വാങ്ങാൻ ഫിഷറീസ് വകുപ്പ് 35,000 രൂപ പാസാക്കിയിരുന്നെങ്കിലും ഒരു ഫർണിച്ചറും കെട്ടിടത്തിലേക്ക് എത്തിയില്ല. പാസാക്കിയ തുക എവിടെ പോയെന്ന് നാട്ടുകാർക്കും അറിയില്ല. കറന്റ് കണക്ഷൻ എടുക്കാനും നടപടി ഉണ്ടായില്ലെന്ന് പറയുന്നു. ജീവനക്കാരെ നിയമിക്കാത്തതിനാൽ പ്രവർത്തനവും തുടങ്ങിയില്ല. മത്സ്യത്തൊഴിലാളികളുടെ സമാശ്വാസ പദ്ധതി വരിസംഖ്യ പിരിക്കാൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നത് തമ്പുരാൻ വളപ്പ് ഫ്രണ്ട്സ് ക്ലബ് കെട്ടിടത്തിലാണ്.
മത്സ്യ ഭവന് തൊട്ടടുത്താണ് അങ്കണവാടി കെട്ടിടവും ആർക്കും വേണ്ടാതെ നശിക്കുന്നത്. ഇവിടെ പ്രവർത്തിച്ചിരുന്ന അങ്കണവാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനാലാണ് സാമാന്യം മോശമല്ലാത്ത കെട്ടിടം വെറുതെയായത്. മത്സ്യ ഭവൻ തുറന്നുപ്രവർത്തിക്കുകയും അങ്കണവാടി കെട്ടിടം മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്താൽ വലിയ നഷ്ടം ഒഴിവാക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |