എടക്കര: വഴിക്കടവ് വെള്ളക്കട്ടയിൽ വൈദ്യുതാഘാതമേറ്റ് 15കാരൻ അനന്തു മരിച്ച സംഭവത്തിൽ അനധികൃതമായി പന്നിക്കെണി വയ്ക്കാൻ കെ.എസ്.ഇ.ബി ഒത്താശ ചെയ്തെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
പ്രദേശത്ത് മുമ്പും അനധികൃതമായി ലൈൻ വലിച്ച് കെണികളൊരുക്കുന്നത്
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാനുവിന്റെ അമ്മ രജനി പറയുന്നു. കെ.എസ്.ഇ.ബി ഇതിൽ നടപടി എടുത്തിരുന്നുവെങ്കിൽ ഈ സംഭവമുണ്ടാകുമായിരുന്നില്ലെന്നും രജനി പറഞ്ഞു. മരിച്ച അനന്തുവിന്റെ പിതൃസഹോദരന്റെ മകനാണ് ഷാനു.
ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്നതിനെതിരായ പരാതി ഏഴ് മാസം മുമ്പ് കെ.എസ്.ഇ.ബിക്ക് നൽകിയിരുന്നെങ്കിലും അവർ തിരിഞ്ഞ് നോക്കിയില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. മാസങ്ങൾക്ക് മുൻപ് നിലവിലെ സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി പുത്തരിപ്പാടത്ത് പുത്തൻവീട്ടിൽ കൃഷ്ണൻ സമാനമായ രീതിയിൽ കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു.മരണത്തിൽ സർക്കാർ ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്-മുസ്ലിം ലീഗ് പ്രവർത്തകർ നിലമ്പൂർ ജില്ലാ ആശുപത്രി റോഡ് ഉപരോധിച്ചു.
ദാരുണസംഭവങ്ങൾ
ആയുധമാക്കുന്നുവെന്ന്
എൽ.ഡി.എഫിനെ കടന്നാക്രമിക്കാൻ ദാരുണസംഭവങ്ങൾ യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതിലെ രാഷ്ട്രീയ ഗൂഢാലോചന പരിശോധിക്കണം. സർക്കാരിനെതിരെ പ്രശ്നം തിരിച്ചുവിടാൻ ബോധപൂർവ്വമായ ശ്രമമുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയെന്ന് അന്വേഷണത്തിലൂടെ മനസിലാകും.
അപകടത്തിന് പിന്നാലെ സ്ഥലത്ത് ആളുകൾ ആസൂത്രിതമായി എത്തിയതാണോ, വാഹനങ്ങൾ തടഞ്ഞതുൾപ്പെടെയുള്ളവ മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നെല്ലാം പരിശോധിക്കണം. ഇക്കാര്യത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അടുത്ത സുഹൃത്തായ പഞ്ചായത്ത് മെമ്പറുടെ പങ്കും പരിശോധിക്കണം. പ്രതിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ എല്ലാം മനസിലാക്കാം. ഇതിന് പിന്നിലുള്ള എല്ലാവരെയും പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |