പാലോട്: ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിൽ വിതുര പെരിങ്ങമ്മല റോഡിലെ കൊച്ചുകരിക്കകം പാലം. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ പോകുന്നത്. ഹമലയോര ഹൈവേ നിർമ്മാണമാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണം. പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടുകൾ നിറഞ്ഞു. ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
മലയോരഹൈവേ പദ്ധതിയിലുൾപ്പെടുത്തി കൊച്ചുകരിക്കകം പാലം പുനർനിർമ്മിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പാലത്തിന്റെ കൈവരികൾ മാത്രം മാറ്റിയിരുന്നുള്ളു. മലയോരഹൈവേയുടെ നാലാം റീച്ചിലുൾപ്പെപ്പെടുന്നതാണ് കൊച്ചുകരിക്കകം പാലം. വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മലയോരഹൈവേയിലെ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളിലൊന്നാണിത്. ഇക്ബാൽ കോളേജ്, സ്കൂളുകൾ, വില്ലേജ് ഓഫീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇവിടം. നിരവധി സ്‌കൂൾ ബസ്സുകളും പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസുകളുമായി നൂറിലധികം വണ്ടികളും ഓടുന്നുണ്ട്. പൊന്മുടിയാത്രക്കും ആശ്രയും ഈ പാലം തന്നെയാണ്.
അടിത്തറ പൊളിഞ്ഞു
പഴയപാലം പൊളിച്ചുമാറ്റി പുതിയപാലം നിർമ്മിക്കുമെന്നാണ് പൊതുമരാമത്ത് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ റോഡ് നിർമ്മാണം തുടങ്ങി എട്ട് വർഷം പിന്നിട്ടിട്ടും പുതിയ പാലത്തെ കുറിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ല. ചായം പൂശിപുറംമോടിയിലാണ് പാലം. അടിത്തറ പൊളിഞ്ഞ പാലം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. പുതിയ പാലത്തിനായി സ്ഥലം ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നതാണ്. പാലത്തിന്റെ ഇരുവശങ്ങളിലെ റോഡ് നിർമ്മാണവും നിറുത്തി വച്ചിരിക്കുകയാണ്.
5.22 കോടിക്ക് പുതിയ പാലം
തെന്നൂർ പാലത്തിന്റെ പുനഃർനിർമ്മാണത്തിന് 5.22 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് 2024 ഒക്ടോബർ 16നാണ് ഡി.കെ.മുരളി എം.എൽ.എയെ അറിയിച്ചത്.സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയതായും 11 (| )നോട്ടിഫികേഷനുള്ള പ്രൊപ്പോസൽ കളക്ടർക്ക് സമർപ്പിച്ചതായും പറഞ്ഞിരുന്നു. 2022ൽ പൂർത്തിയാക്കേണ്ട മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ഭൂമി വിട്ടുകിട്ടലും കോടതി നടപടികളും പദ്ധതിയെ സാരമായി ബാധിച്ചുവെന്നും 2024 ഡിസംബർ 31നകം പ്രവർത്തി പൂർത്തിയാക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ അറിയിപ്പുണ്ടായി. കാലയളവിൽ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി കരാർ കമ്പനിക്കെതിരെ കൈകൊള്ളുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഡി.കെ.മുരളി എം.എൽ.എയെ അറിയിച്ചിരുന്നെങ്കിലും ഡിസംബർ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പാലവും ഹൈവേയും പഴയതുപോലെ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |