പത്തനംതിട്ട : ശബരി റെയിൽപ്പാത എരുമേലിയിൽ നിന്ന് പത്തനംതിട്ട, പുനലൂർ വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന നിർദേശത്തിന് പിന്തുണയേറുന്നു. റെയിൽവേ യാത്രക്കാരും ജനപ്രതിനിധികളും ഈ ആവശ്യവുമായി രംഗത്തുണ്ട്. എരുമേലിയിൽ നിന്ന് റാന്നി, പത്തനംതിട്ട, കുമ്പഴ, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കുളത്തുപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, നെയ്യാറ്റിൻകര, ബാലരാമപുരം വഴി വിഴിഞ്ഞം സീപോർട്ട് വരെയുള്ള പാതയ്ക്കാണ് നിർദേശമുള്ളത്. 1990 കളിൽ ശബരി പാതയെ സംബന്ധിച്ച പഠനങ്ങൾ നടന്നപ്പോൾ അങ്കമാലിയിൽ നിന്ന് എരുമേലി വഴി പുനലൂരിലേക്കാണ് പരിഗണിച്ചിരുന്നത്. എരുമേലി മുതൽ പുനലൂർ വരെ ചില സർവേകൾ പൂർത്തിയാക്കിയിരുന്നു. പുനലൂരിലെത്തുന്ന പാതയ്ക്ക് കൊല്ലം - ചെങ്കോട്ട പാതയുമായി ബന്ധമുണ്ടാകും. ഇതോടെ തമിഴ്നാട്ടിലേക്ക് മറ്റൊരു പാത കൂടി യാഥാർത്ഥ്യമാകും. ചെന്നൈ, ട്രിച്ചി, തെങ്കാശി, ചെങ്കോട്ട ഭാഗങ്ങളിൽ നിന്നുമുള്ള ശബരിമല തീർത്ഥാടകർക്കും യാത്ര സുഗമമാകും.
പത്തനംതിട്ട , കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് തീവണ്ടി യാത്രാസൗകര്യം ലഭിക്കാൻ നിർദിഷ്ട പാത സഹായകരമാകും. ശബരിമല കൂടാതെ വേളാങ്കണ്ണി ഉൾപ്പെടെ ആരാധനാലയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ , തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങൾ, നിർദിഷ്ട എരുമേലി വിമാനത്താവളം എന്നിവയുമായി ശബരിപാത ബന്ധിപ്പിക്കണമെന്ന് നിർദേശമുണ്ട്.
വിഴിഞ്ഞം സീപോർട്ടിൽ കപ്പലിൽ വരുന്ന കണ്ടെയ്നറുകൾ റെയിൽവേ വഴി വിവിധ പ്രദേശങ്ങളിലേക്കു കൊണ്ടു പോകുന്നതിന് പാത വഴിയൊരുക്കും. 1997 - 1998 കാലത്ത് ഇതു സംബന്ധിച്ച പുതിയ അലൈൻമെന്റ് റെയിൽവേ അധികൃതർ നടത്തിയിരുന്നു. പുതിയ റെയിൽവേ ലൈൻ മലയോര മേഖലകളെ ബന്ധിപ്പിച്ച് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട പ്രദേശങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, കേന്ദ്ര റെയിൽവേ മന്ത്രാലയം, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ നൽകിയിരുന്നു.
തീർത്ഥാടകർക്ക് സൗകര്യം
ശബരി റെയിൽപാത പൂർത്തിയായാൽ ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർദ്ധന പ്രതീക്ഷിക്കുന്നുണ്ട്.
തീവണ്ടിയെ ആശ്രയിക്കുന്നത് 70 ശതമാനം തീർത്ഥാടകർ,
എരുമേലി പാത നടപ്പായാൽ 15 ശതമാനം വർദ്ധന,
കഴിഞ്ഞ തീർഥാടനകാലത്ത് റെയിൽവേ നടത്തിയത് 415 സ്പെഷൽ സർവീസ്
പാത എരുമേലിയിൽ അവസാനിപ്പിക്കാതെ റാന്നി, പത്തനംതിട്ട, പുനലൂർ വഴി നെടുമങ്ങാട്ട് നീട്ടുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. സംസ്ഥാനത്തിന്റെ വികസനത്തിനു ഉതകുന്ന അന്തർ സംസ്ഥാന പാതയായി ഇതു മാറും.
ആന്റോ ആന്റണി എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |