കൊല്ലം: 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽവരും. നീണ്ടകര പാലത്തിന് പടിഞ്ഞാറ് വശം, തങ്കശേരി, അഴീക്കൽ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധന മേഖലയിൽ ഉൾപ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി, അഴീക്കൽ അഴിമുഖങ്ങളിലും ബാധകം. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇത് ബാധകമല്ല. ട്രോൾ ബോട്ടുകൾക്കും വിദൂര മേഖലകളിലേക്ക് മീൻ പിടിക്കാൻ പോകുന്ന ബോട്ടുകൾക്കുമാണ് നിരോധനം. കാലാവസ്ഥയിലെ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ 10 മാസത്തെ സീസണിൽ ഈ വർഷം ആകെ കടലിലിറങ്ങാനായത് വെറും നാലഞ്ച് മാസം മാത്രം. കടലാക്രമണവും കാലാവസ്ഥ മുന്നറിയിപ്പും മത്സ്യലഭ്യതക്കുറവും മൂലം തീരം നേരത്തെ തന്നെ പട്ടിണിയിലേക്ക് നീങ്ങിയിരുന്നു. നിരോധന കാലയളവിന് മുമ്പ് കള്ളക്കടക്കൽ പ്രതിഭാസവും മഴ മുന്നറിയിപ്പും മൂലം ആഴ്ചകളായി മത്സ്യബന്ധന യാനങ്ങൾ കടലിലിറങ്ങിയിട്ടില്ല. ഇനിയുള്ള ദിവസങ്ങളിൽ ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികളുടെ കാലമാണ്.
പമ്പുകൾ ജൂലായ് 28
വരെ അടച്ചിടണം
മത്സ്യഫെഡിന്റെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ തീരമേഖലകളിലെ പമ്പുകൾക്കും അഴീക്കലിലെ ആലപ്പാടൻ, ജെം, കുഴിത്തുറ മറൈൻ ഡീസൽ, ആയിരംതെങ്ങ് നടയിൽ കിഴക്കതിൽ എന്നീ സ്വകാര്യ പമ്പുകൾക്കും പ്രവർത്തനാനുമതിയുണ്ട്. മെഷീൻ ബോട്ടുകൾ/ മത്സ്യബന്ധനയാനങ്ങൾ എന്നിവയ്ക്ക് ഇക്കാലയളവിൽ അനധികൃതമായി പെട്രോൾ വിൽക്കുകയോ വിതരണം ചെയ്യാനോ അനുമതിയില്ല. ജില്ലയിലെ ഇന്ധന പമ്പുകളിൽ നിന്ന് കളക്ടറുടെ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നൽകാനും പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |