മാന്നാർ: മദ്യപിച്ചെത്തി സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരികളെ കയറിപ്പിടിക്കുകയും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തടയാൻ ശ്രമിച്ച ജീവനക്കാരനെ റോഡിൽകൂടി വലിച്ചിഴയ്ക്കുകയും ചെയ്തു. ദേഹമാസകലം പരിക്കറ്റ പരിക്കേറ്റ മാന്നാർ കുട്ടമ്പേരൂർ കോട്ടപ്പുറത്ത് കെ.എം.ലിതിൻ (30) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലവടി സ്വദേശിയായ ബൈജു(40) വിനെ പിടികൂടി പൊലീസിലേൽപിച്ചു. ഇന്നലെ വൈകിട്ട് 5.30 ന് മാന്നാർ തൃക്കുരട്ടി ജംഗ്ഷന് സമീപമുള്ള എൻ.ആർ.സി സൂപ്പർ മാർക്കറ്റിലാണ് സംഭവം. ബ്ലീച്ചിംഗ് പൗഡർ അന്വേഷിച്ച് വന്ന ബൈജു കടക്കുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്ന രണ്ട് വനിതാ ജീവനക്കാരികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ജീവനക്കാരികൾ ചോദ്യം ചെയ്തതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ ജീവനക്കാരനായ ലിതിൻ ബൈക്കിന്റെ പിറകുവശത്ത് ബലമായി കയറിപ്പിടിച്ചെങ്കിലും യുവാവ് ബൈക്ക് ഓടിച്ചു പോവുകയാണ് ഉണ്ടായത്. 50 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചെങ്കിലും സ്വന്തം ജീവൻ പോലും വകവയ്ക്കാതെ അതിസാഹസികമായി ലിഥിൻ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃക്കുരട്ടി ജംഗ്ഷനിലെ ഹംപിൽ ബൈക്ക് വേഗം കുറച്ചപ്പോൾ ലിതിൻ ചാടി എഴുന്നേറ്റ് ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തുടർന്ന് മറ്റ് ജീവനക്കാർ എത്തി പ്രതിയെ സൂപ്പർ മാർക്കറ്റിലേക്ക് എത്തിച്ചു. എന്നാൽ സംഭവം നടന്ന ഉടൻ മാന്നാർ പൊലീസിലേക്ക് പല തവണ ഫോൺ ചെയ്തിട്ടും കിട്ടിയില്ലെന്നും ഒടുവിൽ സ്റ്റേഷനിൽ പോയി പൊലീസിനെ വിളിച്ചു കൊണ്ടു വരികയായിരുന്നെന്നും സൂപ്പർ മാർക്കറ്റ് ഉടമ രാജേഷ് കുമാർ എൻ.ആർ.സി പറഞ്ഞു. ജീവനക്കാരുടെ മൊഴിയെടുത്ത് മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |