തൃശൂർ: നിശ്ചയദാർഢ്യത്തിന്റെ ഈണമിട്ട് നേടിയ വിജയം! ഓട്ടിസം ബാധിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടിയിട്ടും സംഗീതബിരുദം നേടിയ അപൂർവ സൗഭാഗ്യം. സംഗീതബിരുദ പഠന ചരിത്രത്തിലെ റെക്കാഡ്. വിഷ്ണു പരശുരാമിന്റെ നേട്ടത്തെ അങ്ങനെ വിശേഷിപ്പിക്കാം. തൃശൂർ എസ്.ആർ.വി ഗവ. കോളേജ് ഒഫ് മ്യൂസിക് ആൻഡ് പെർഫോർമിംഗ് ആർട്‌സിൽ കലിക്കറ്റ് സർവകലാശാലയുടെ ബി.എ മ്യൂസികിൽ സെക്കൻഡ് ക്‌ളാസോടെ പാസായിരിക്കുകയാണ് 24കാരനായ വിഷ്ണു.
സംഗീത അദ്ധ്യാപിക കൂടിയായ അമ്മ അഞ്ജനയുടെ ശിക്ഷ്യണത്തിലാണ് ആദ്യമായി വിഷ്ണു പാട്ടു പഠിപ്പിക്കാൻ തുടങ്ങിയത്. തുടർന്ന് ചിട്ടയായ പരിശീലനം,നിരന്തരമായ സാധന,എസ്.ആർ.വി കോളേജിലെ സംഗീതാദ്ധ്യാപകരുടെ നിരീക്ഷണം എന്നിവ പാട്ടിന്റെ വഴികളിൽ വഴിവെട്ടമായി. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായി വിരമിച്ച അച്ഛൻ ഡോ. കെ.പി.സതീഷും നിഴൽപോലെ വിഷ്ണുവിനൊപ്പമുണ്ട്.
ടാലന്റ് സെർച്ചിലെ താരം
സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ ടാലന്റ് സെർച്ച് പ്രതിഭ കൂടിയാണ് വിഷ്ണു. തൃശൂരിലെ ചേതന സംഗീത നാട്യ അക്കാഡമിയിൽ സംഗീതത്തിൽ ഫാ. ഡോ. പോൾ പൂവത്തിങ്കലിന്റെ കീഴിലാണ് തുടർപഠനം. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ ആറു തവണയും തിരുവമ്പാടി,വടക്കുന്നാഥൻ തുടങ്ങിയ ക്ഷേത്രങ്ങളിലെ സംഗീതോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മൃദംഗവും പെപ്പിൻ ജോർജിന്റെ ശിക്ഷണത്തിൽ ചെണ്ടയും അഭ്യസിച്ചു. അയ്യന്തോൾ അശോക് നഗറിൽ കൃഷ്ണകൃപയിലാണ് താമസം.
ഓട്ടിസമുള്ള കുട്ടികളുടെ മസ്തിഷ്‌കത്തിന്റെ ഇടതു ഭാഗത്താണ് (ബുദ്ധി ശക്തി,പേശികളുടെ ചലനാല്മകത,ഭാഷയും സംസാരശേഷിയും) പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പരിമിതികളെ മസ്തിഷ്‌ക സംഗീത ചികിത്സയിലൂടെ ഭേദമാക്കാനാകും. നിരന്തര സംഗീത പരിശീലനത്തിലൂടെ മസ്തിഷ്‌കത്തിന്റെ വലതുവശത്തു കൂടുതൽ ന്യൂറോൺസ് ഉത്പാദിപ്പിക്കുന്നതുമൂലം അതിന്റെ ശക്തി ഇടതുവശത്തുള്ള വിത്തുകോശങ്ങളെ ശക്തിപ്പെടുത്തും. അതുവഴി ബുദ്ധിപരമായ കഴിവുകൾ വർദ്ധിക്കും.
ഫാഡോപോൾ പൂവത്തിങ്കൽ,
സംഗീതജ്ഞൻ, വോക്കോളജിസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |