വാഷിംഗ്ടൺ: കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ 2,000 നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായ പശ്ചാത്തലത്തിലാണ് നടപടി. സൈന്യത്തിന്റെ ആദ്യ സംഘം ഇന്നലെ പുലർച്ചെ ലോസ് ആഞ്ചലസ് നഗരത്തിൽ എത്തി. വെള്ളി, ശനി ദിവസങ്ങളിലാണ് പാരാമൗണ്ട് അടക്കമുള്ള ഭാഗങ്ങളിൽ ലാറ്റിൻ വംശജരായ കുടിയേറ്റക്കാർ പ്രതിഷേധിച്ചത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ ഇവിടെ റെയ്ഡുകൾ ശക്തമാക്കിയിരുന്നു.
കുടിയേറ്റ നിയമം ലംഘിച്ചെന്ന് കാട്ടി 44 പേരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ലോസ് ആഞ്ചലസിൽ അറസ്റ്റ് ചെയ്തു. പിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഉദ്യോഗസ്ഥർ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നെന്ന് കാട്ടി ചില സംഘടനകളും രംഗത്തെത്തി. പ്രതിഷേധക്കാരിൽ ചിലർ പൊലീസിനും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും സർക്കാർ കെട്ടിടങ്ങൾക്കും നേരെ കല്ലേറ് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ നിരവധി പേരെ പൊലീസ് പിടികൂടി.
അതേ സമയം, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസത്തിന്റെ എതിർപ്പ് മറികടന്നാണ് ട്രംപ് സൈന്യത്തെ വിന്യസിച്ചത്. ട്രംപിന്റെ നടപടി പ്രകോപനപരമാണെന്നും സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്നും ന്യൂസം ആരോപിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കൈകടത്തൽ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന ഗവർണർമാരാണ് റിസേർവ് സേനാ വിഭാഗത്തിൽപ്പെട്ട നാഷണൽ ഗാർഡിനെ സാധാരണ വിന്യസിക്കുന്നത്. നിയമപരമായ പ്രത്യേക വ്യവസ്ഥ അടിസ്ഥാനമാക്കിയാണ് ട്രംപ് നാഷണൽ ഗാർഡിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ലോസ് ആഞ്ചലസിൽ സംഘർഷം രൂക്ഷമായാൽ മറൈൻ സൈനികരെ വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |