കോട്ടയം : നല്ല മിനുസമുള്ള റോഡാണ്. എന്നുകരുതി പായാൻ നിൽക്കേണ്ട. ഒരു അശ്രദ്ധ മതി നിരത്തിൽ ജീവിതം മാറിമറിയാൻ. പട്ടിത്താനം - മണർകാട് ബൈപ്പാസിലൂടെ അമിതവേഗതയിൽ പായുന്ന വാഹനയാത്രികരോട് നാട്ടുകാർക്ക് ഇത്രേ പറയാനുള്ളൂ. ഇന്നലെയും നടന്നു അപകടം. അശ്രദ്ധ കൊണ്ടുമാത്രം.
ബൈപാസ് ഗതാഗതത്തിനായി തുറന്നശേഷം 25 ലേറെ അപകടങ്ങളാണ് ഉണ്ടായത്. ജീവൻ നഷ്ടമായവരും നിരവധി. പട്ടിത്താനം മുതൽ പാറേകണ്ടം വരെ ബൈപാസിന് 1.80 കിലോമീറ്ററാണ് ദൂരം.16 മീറ്റർ വീതിയിലാണ് നിർമ്മാണം. എറണാകുളം, കുറവിലങ്ങാട് ഏറ്റുമാനൂർ റോഡുകളുടെ സംഗമ കേന്ദ്രമാണ് പട്ടിത്താനം കവല.ഇവിടേക്കാണ് ബൈപ്പാസ് റോഡ് തുറക്കുന്നത്. 2 കിലോമീറ്റർ നിവർന്ന ബൈപാസ് റോഡിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങൾ നേരെ പട്ടിത്താനം കവലയിലേക്കു പ്രവേശിക്കുകയാണ്. പ്രവേശിച്ചു കഴിയുമ്പോൾ മാത്രമാണ് ഇതൊരു പ്രധാന ജംഗ്ഷനാണെന്ന് യാത്രക്കാർ മനസിലാക്കുക.
സിഗ്നൽലൈറ്റുകളില്ല, മുന്നറിയിപ്പ് ബോർഡും
ചെറുതും വലുതുമായ ഒട്ടേറെ പോക്കറ്റ് റോഡുകളാണ് ബൈപ്പാസിലേക്കു തുറക്കുന്നത്. മുന്നറിയിപ്പു ബോർഡുകളോ ഗതാഗത സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. റോഡ് പരിചയമില്ലാത്ത വാഹന യാത്രക്കാർക്ക് പോക്കറ്റ് റോഡുകൾ തിരിച്ചറിയാനാവില്ല. ഏതു സമയത്തും അപകടം ഉണ്ടായേക്കാവുന്ന 5 പ്രധാന പോയിന്റുകളാണ് ബൈപാസ് റോഡിൽ ഉള്ളത്. സംഗമസ്ഥലമായ പട്ടിത്താനത്ത് ട്രാഫിക് സിഗ്നൽലൈറ്റുകളില്ലാത്തതാണ് അപകടത്തിന് പ്രധാന കാരണം. തിരക്കുള്ള നാൽക്കവലയാണ് തവളക്കുഴി. വള്ളിക്കാട് കടപ്പൂർ ഭാഗത്തുനിന്നു തവളക്കുഴിയിലേക്കുള്ള റോഡിനു കുറുകെയാണ് ബൈപ്പാസ്. ഇവിടെയും സുരക്ഷാ മാർഗങ്ങളൊന്നും ഇല്ല.
കാറുകൾ കൂട്ടിയിടിച്ചു, തലകീഴായി മറിഞ്ഞു
ഇന്നലെ രാവിലെ രണ്ട് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കാണക്കാരി ലാ കോളേജിനു സമീപം താമസിക്കുന്ന ഗിരീഷിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ബൈപ്പാസിൽ നിന്ന് അമിത വേഗത്തിൽ എത്തിയ കാർ എം.സി റോഡിലേയ്ക്കു പ്രവേശിക്കുന്നതിനിടെ ഇവരുടെ കാറിൽ ഇടിയ്ക്കുകയായിരുന്നു. കാർ തല കീഴായി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് ഗതാഗത തടസം ഒഴിവാക്കിയത്.
''സിഗ്‌നൽ ലൈറ്റും ബാരിക്കേഡുകളും സ്ഥാപിക്കുകയും 24 മണിക്കൂറും ട്രാഫിക് പൊലീസ് സേവനം ഉറപ്പു വരുത്തുകയും
ചെയ്താൽ അപകടങ്ങൾക്ക് കടിഞ്ഞാണിടാനാകും.
-പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |