കട്ടപ്പന: കാഞ്ചിയാർ കക്കാട്ടുകട കൊറ്റംപടിക്കും നരിയമ്പാറയ്ക്കുമിടയിൽ മലയോര ഹൈവേയുടെ ടാർ ചെയ്തഭാഗം പൊളിച്ചുനീക്കിയത് അപകടക്കെണിയായി. ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ നിരവധിപേർ ഇവിടെ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പലസ്ഥലങ്ങളിലായി ടാറിങ് പൊളിച്ചുനീക്കിയത്. മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും സ്ഥാപിക്കാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപെട്ടു. ഞായർ വൈകിട്ട് സ്‌കൂട്ടർ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിഷേധം ശക്തമായതോടെ രാത്രിയോടെ കരാറുകാർ സ്ഥലത്തെത്തി പൊളിച്ച ഭാഗത്ത് താൽക്കാലികമായി മുന്നറിയിപ്പ് സ്ഥാപിച്ചു.
നരിയമ്പാറയിൽനിന്നുള്ള വാഹനങ്ങൾ വേഗത്തിൽ വരുന്നതിനാൽ അടുത്തെത്തുമ്പോൾ മാത്രമേ അപകട മുന്നറിയിപ്പ് കാണാനാകൂ. പെട്ടെന്ന് നിർത്താൻ ശ്രമിച്ചാൽ വൻ അപകടത്തിനും കാരണമാകും. തിങ്കളാഴ്ച രാവിലെ കുഴിയിൽ പതിച്ച് കാർ അപകടത്തിൽപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഇവിടം പൊളിച്ചുനീക്കി റീടാറിങ് നടത്താനുള്ള ശ്രമത്തിലാണ് കരാറുകാർ.
നിലവാരമില്ലാത്ത
റോഡുകൾ വികസനത്തെ
പിന്നോട്ടടിക്കുന്നു
കൊന്നത്തടി : നിലവാരമില്ലാത്ത റോഡുകൾ കൊന്നത്തടി പഞ്ചായത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നത്തടി യൂണിറ്റ് വാർഷിക പൊതുയോഗം പ്രമേയം പാസാക്കി.
വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി, സ്കൂൾ, ബാങ്കുകൾ, വിവിധ ആരാധനാലയങ്ങൾ വ്യാപാര സ്ഥാപനങ്ങൾ , പൊന്മുടി പോലുള്ള ടൂറിസം കേന്ദ്രങ്ങൾ, വ്യൂ പോയിന്റ് എന്നിവ കൊന്നത്തടി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ നിലവാരമില്ലാത്ത റോഡുകൾ ടൂറിസത്തെ പിന്നോട്ടടിക്കുകയാണ്. യാത്രാ ബസുകൾ ഓടാൻ തയ്യാറാകുന്നുമില്ല. ആധുനീക രീതിയിൽ റോഡ് നിർമ്മിച്ച് ഗ്രാമത്തിന്റെ വികസനത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വാർഷിക പൊതുയോഗം അധികാരികളോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |