മാന്നാർ: മദ്യപിച്ചെത്തി സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരികളെ കയറിപ്പിടിച്ച ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സ്വന്തം ജീവൻ പണയം വച്ച് പിടികൂടിയ മാന്നാർ എൻ.ആർ.സി സൂപ്പർമാർക്കറ്റ് മാനേജർ ലിധിന് അഭിനന്ദന പ്രവാഹം.
സഹപ്രവർത്തകരായ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ തലവടി സ്വദേശിയായ ബൈജുവിനെ (40) സാഹസികമായി പിടികൂടിയ മാന്നാർ കുട്ടമ്പേരൂർ കോട്ടപ്പുറത്ത് കെ.എം.ലിധിൻ (30) എന്ന യുവാവ് നാടിന്റെ പ്രിയ താരമായി മാറിക്കഴിഞ്ഞു.സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ഈ യുവാവിന്റെ ധീരപ്രവൃത്തിയ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.
പരേതനായ മോനിയുടെയും കുവൈറ്റിൽ ഹോംനഴ്സായ ജയശ്രീയുടെയും മകനായ ലിധിൻ എൻ.ആർ.സി സൂപ്പർ മാർക്കറ്റിൽ നാലു വർഷത്തോളമായി ജോലി ചെയ്യുന്നു. മാനേജർ പദവിയിലാണെങ്കിലും വീടുകളിലും മറ്റു സാധനങ്ങൾ എത്തിച്ച് നൽകുന്നതുൾപ്പെടെയുളള എല്ലാ ജോലികളും ലിധിൻ ചെയ്യാറുണ്ട്. നീതുവാണ് ഭാര്യ. രണ്ടു വയസുളള സാവിയോ ഏക മകനാണ്.
പിടിവിടാത്ത അഭിമാനബോധം
ഞായറാഴ്ച വൈകിട്ട് 5.30നാണ് മാന്നാർ തൃക്കുരട്ടി ജംഗ്ഷന് സമീപമുള്ള എൻ.ആർ.സി സൂപ്പർ മാർക്കറ്റിൽ ബ്ലീച്ചിംഗ് പൗഡർ അന്വേഷിച്ച് വന്ന ബൈജു, രണ്ട് വനിതാ ജീവനക്കാരികളോട് അപമര്യാദയായി പെരുമാറിയത്. ജീവനക്കാരികൾ ചോദ്യം ചെയ്തതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ സൂപ്പർമാർക്കറ്റ് മാനേജരായ ലിധിൻ ബൈക്കിന്റെ പിറകുവശത്ത് ബലമായി കയറിപ്പിടിച്ചെങ്കിലും യുവാവ് ബൈക്ക് അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.ബൈക്കിൽ നിന്ന് പിടിവിടാതെ കിടന്ന ലിധിനെ 50 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയെങ്കിലും തൃക്കുരട്ടി ജംഗ്ഷന് മുമ്പുള്ള ഹംപിൽ ബൈക്കിന്റെ വേഗം കുറഞ്ഞപ്പോൾ ലിധിൻ ചാടി എഴുന്നേറ്റ് ബൈക്കിന്റെ താക്കോൽ കൈക്കലാക്കി പ്രതിയെ പിടികൂടുകയായിരുന്നു.തുടർന്ന് മറ്റ് ജീവനക്കാർ ഓടിയെത്തി പ്രതിയെ സൂപ്പർ മാർക്കറ്റിലേക്ക് എത്തിച്ചു.ബൈക്കിൽ നിന്ന് പിടിവിടാതെ കിടന്ന ലിധിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്റെ കൂടപ്പിറപ്പുകളായ സഹപ്രവർത്തകരുടെ അപമാനത്താലുള്ള കണ്ണീര് കണ്ടപ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല. അവൻ രക്ഷപ്പെടാതിരിക്കാനാണ് ഞാൻ ശ്രമിച്ചത്
- ലിധിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |