കൊച്ചി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡിനെ (സി.എം.ആർ.എൽ) അപകീർത്തിപ്പെടുത്തുന്നതിൽനിന്ന് സബ് കോടതി വിലക്കിയതിനെതിരെ ബി.ജെ.പി നേതാവ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. ഷോണിന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നും തള്ളുമെന്നും ജസ്റ്റിസ് കെ. നടരാജൻ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതിനാൽ ഷോൺ ജോർജ് അഞ്ചുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹർജിയിലായിരുന്നു എറണാകുളം സബ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനെതിരെ ഷോൺ സബ് കോടതിയിൽത്തന്നെ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.
ഇത് നിലനിൽക്കേ ഹൈക്കോടതിയെ സമീപിച്ചതിനെയാണ് സിംഗിൾബെഞ്ച് വിമർശിച്ചത്. ഇടക്കാല ഉത്തരവിനെതിരെ വിചാരണക്കോടതിയെത്തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |