കൊച്ചി: പുറങ്കടലിൽ മുങ്ങിത്താഴ്ന്ന ചരക്കു കപ്പൽ എം.എസ്.സി എൽസ 3ൽ നിന്ന് ഓയിൽ വീണ്ടെടുക്കുന്ന ദൗത്യത്തിലെ രണ്ടാം ഘട്ടത്തിന് ഇന്നലെ തുടക്കമായി. കപ്പലിലെ ഇന്ധന ടാങ്കുകളുടെ വാൽവുകളിലൂടെ ഉണ്ടായേക്കാവുന്ന എണ്ണച്ചോർച്ചയ്ക്ക് തടയിടാനുള്ള ഓപ്പറേഷനാണ് ആരംഭിച്ചത്. അമേരിക്കയിലെ ടി ആൻഡ് ടി സാൽവേജ് കമ്പനി 12 മുങ്ങൽ വിദഗ്ദ്ധരെയാണ് എത്തിച്ചത്.
ടാങ്കിൽ ചോർച്ച വരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം അടുത്ത ദിവസം സ്ഥാപിക്കും. ഇതും അനുബന്ധ ഉപകരണങ്ങളും ഘടിപ്പിക്കാൻ ഒരാഴ്ച വേണ്ടിവരും. തുടർന്ന് മുകളിലേക്ക് പമ്പ് ചെയ്തെടുക്കും. ജൂലായ് മൂന്നിന് ജോലികൾ പൂർത്തിയാക്കാനാണ് പദ്ധതി.
പുറങ്കടലിനൊപ്പം തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾ നീക്കുന്ന ദൗത്യവും പുരോഗമിക്കുകയാണ്. തീരത്തടിഞ്ഞ 61കണ്ടെയ്‌നറുകളിൽ 51 എണ്ണം പോർട്ടിലേക്ക് മാറ്റി. ശേഷിക്കുന്നവ ഉടൻ പോർട്ടിലേക്കെത്തിക്കും. തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളിലടിഞ്ഞ മാലിന്യങ്ങളുടെ നീക്കവും തുടരുന്നു. എണ്ണപ്പാട തീരം മലിനമാക്കിയിട്ടില്ലെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.
എണ്ണപ്പാട നീക്കൽ തുടരുന്നു
പുറങ്കടലിൽ പരന്ന എണ്ണപ്പാട നീക്കം ചെയ്യുന്ന ദൗത്യവും പുരോഗമിക്കുന്നു. കോസ്റ്റ് ഗാർഡിന്റെ സമുദ്ര പ്രഹരിക്ക് പുറമേ ടി ആൻഡ് ടി സാൽവേജ് കമ്പനിയുടെ നന്ദ് സാരഥി, ഓഫ്‌ഷോർ വാരിയർ എന്നിവയും മേഖലയിൽ എത്തിയിട്ടുണ്ട്. എമർജൻസി ടോയിംഗ് കപ്പലായ വാട്ടർലിലിയും സഹായത്തിനായുണ്ട്.
സർവേ പൂർത്തിയായി
കപ്പൽ മുങ്ങിയ മേഖലയിൽ ഏരിയൽ സർവേയുടെ ആദ്യഘട്ടം പൂർത്തിയായി. സോണാർ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു സർവേ. കടലിന്റെ അടിത്തട്ടിന്റെ ത്രിമാനചിത്രം നിർമ്മിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വാട്ടർ ലിലിയിലാണ് സർവേ നടത്തിയത്. വൈകാതെ റിപ്പോർട്ട് ഷിപ്പിംഗ് മന്ത്രാലയത്തിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |