കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്ന് രണ്ട് പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നിവരെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയുമായി സിറ്റിയിലെ ചില പൊലീസ് ഉദ്യോഗസ്ഥർ നേരത്തേ ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം. കൂടുതൽ തെളിവ് ശേഖരിക്കാൻ പൊലീസ് മൊബൈൽ ഫോൺ സിഡിആർ പരിശോധിക്കുന്നുണ്ട്. ആരോപണത്തെ തുടർന്ന് പൊലീസുകാരായ ഇരുവരെയും നിലവിൽ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മാറ്റിയതായാണ് വിവരം.
അറസ്റ്റിലായ ബിന്ദുവിനെതിരെയുള്ള മറ്റൊരു പരാതിയിൽ 2022ൽ മെഡിക്കൽ കോളേജ് പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചിരുന്നു. ഈ സമയത്ത്, ആരോപണ വിധേയരായ പൊലീസുകാർ ഇവരെ ഫോണിൽ ബന്ധപ്പെട്ടതായാണ് പറയുന്നത്. പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് സംഘം മലാപ്പറമ്പിൽ താവളമാക്കിയത്. പ്രതികൾക്ക് അനാശാസ്യ കേന്ദ്രം നടത്താൻ പുറമേ നിന്ന് സഹായം ലഭിച്ചതായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തപ്പോൾ സൂചന ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസുകാർക്ക് പങ്കുണ്ടെന്ന സംശയം ഉയർന്നത്.
പ്രതിയുടെ ഫോണിലെ വിശദാംശങ്ങളും സിം വിവരങ്ങളും ലഭ്യമായാലേ കൂടുതൽ നടപടിയിലേക്ക് കടക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്. കെട്ടിടം വാടകയ്‌ക്ക് ലഭിച്ച സാഹചര്യവും അനാശാസ്യ കേന്ദ്രം പ്രവർത്തിക്കാത്ത കാലയളവിൽ വാടക നൽകിയതും അന്വേഷിക്കുമെന്നും പൊലീസ് സൂചന നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |