തിരുവനന്തപുരം: യു ഡി എഫ് വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി മാറിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുൻ തിരഞ്ഞെടുപ്പുകളിലെല്ലാം വർഗീയവാദികളുമായി ചേർന്നുപോകുന്ന സ്ഥിതിയാണ് യു ഡി എഫിനുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ജമാ അത്തെ ഇസ്ലാമി യു ഡി എഫിന് പിന്തുണ നൽകിയതിന് പിന്നാലെയാണ് ഗോവിന്ദന്റെ വിമർശനം.
ജമാ അത്തെ ഇസ്ലാമിയെ രൂക്ഷമായി വിമർശിച്ച എം വി ഗോവിന്ദൻ, പി ഡി പിയെ പ്രശംസിക്കുകയും ചെയ്തു. ജമാ അത്തെ ഇസ്ലാമി ലോകമെമ്പാടുമുള്ള വർഗീയ ശക്തിയാണ്. ഇസ്ലാമിക രാഷ്ട്രം വേണമെന്നാണ് അവരുടെ നിലപാട്. എന്നാൽ പി ഡി പി ആ നിലപാടല്ല എടുക്കുന്നതെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പി ഡി പി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് എന്ത് മതനിരപേക്ഷ ഭാരതത്തെക്കുറിച്ചാണ് കോൺഗ്രസിന് പറയാൻ സാധിക്കുകയെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ചോദിച്ചു. വർഗീയ ശക്തികളുടെ കൂട്ടുകെട്ട് പാപ്പരത്തമാണെന്നും കോൺഗ്രസിന് രാഷ്ട്രീയ വിവേകം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളെ കൂട്ടുപിടിക്കുക, ഒത്തുതീർപ്പുണ്ടാക്കുക എന്നതാണ് യു ഡി എഫ് രാഷ്ട്രീയമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |