ആറ് വാർഡുകളിലായി ഇരട്ടിയിലധികം രോഗികൾ
വരാന്തകളിലുടനീളം കൂട്ടിരിപ്പുകാർ,കൊവിഡും ഭീഷണി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പിയിൽ രോഗികളുടെ ബാഹുല്യം കാരണം നിലത്ത് കിടക്കാനും ഇടമില്ലാത്ത സ്ഥിതി. പകർച്ചപ്പനി രൂക്ഷമായതോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്ന് പനിബാധിതരെ, രാത്രിയിൽ കൂട്ടത്തോടെ ഇവിടേക്ക് റഫർ ചെയ്യുന്നതാണ് പ്രധാന പ്രതിസന്ധി. മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാൻ റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശം പാടെ അവഗണിച്ചാണ് തോന്നുംപടിയുള്ള റഫറൽ.
ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ക്രമാതീതമായ തള്ളിക്കയറ്റം. ഇതോടെ ഒരു ബെഡിൽ മൂന്നും നാലും പേരെ കിടത്തേണ്ട സ്ഥിതിയാണ്. രോഗികളും കൂട്ടിരിപ്പുകാരും ചേരുമ്പോൾ ഇടംവലം തിരിയാൻ കഴിയാത്തവിധം വാർഡുകളിൽ തിക്കും തിരക്കുമാണ്.
ശരാശരി 70 ബെഡുള്ള ഒരു വാർഡിൽ 180പേരാണ് കിടക്കുന്നത്. പകൽ ഒ.പിയിലെത്തുന്നവരിൽ പരമാവധി 10ശതമാനത്തെയാണ് ഗുരുതരാവസ്ഥയിൽ അഡ്മിറ്റ് ചെയ്യുന്നത്. കിടക്കകളുടെ ലഭ്യത ഉൾപ്പെടെ നോക്കിയാണിത്. എന്നാൽ രാത്രിയാകുന്നതോടെ സ്ഥിതി കൈവിട്ടുപോകും. പനിക്കൊപ്പം ഛർദ്ദിയുമായി താലൂക്ക് ജനറൽ ആശുപത്രികളിലെത്തുന്നവരെ ഉടൻ മെഡിക്കൽ കോളേജിലേക്ക് അയക്കുന്ന പ്രവണത വർദ്ധിക്കുന്നതായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. നെടുമങ്ങാട്,നെയ്യാറ്റിൻകര,ചിറയിൻകീഴ്,പാറശാല തുടങ്ങിയ താലൂക്ക് ആശുപത്രികളിൽ നിന്നും തിരുവനന്തപുരം ജനറൽ ആശുപത്രി, പേരൂർക്കട എന്നിവിടങ്ങളിൽ നിന്നും വ്യാപകമായി ഇവിടേക്ക് രോഗികളെ രാത്രിയിൽ റഫർ ചെയ്യുന്നുണ്ട്. അസമയത്ത് രോഗിയുമായി എത്തുന്നവരെ അഡ്മിറ്റ് ചെയ്യാതെ വിട്ടയച്ചാൽ ഒപ്പമുള്ളവർ രോഷാകുലരാകും. മാത്രമല്ല വിട്ടയക്കുന്ന രോഗിക്ക് രാത്രി യാത്രയിൽ ബി.പി കൂടിയാൽപോലും തങ്ങൾ പ്രതിക്കൂട്ടിലാകുമെന്ന് ഭയന്നാണ് അഡ്മിഷൻ നൽകുന്നതെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
തിരക്കോട് തിരക്ക്
ജനറൽ മെഡിസിൻ,സർജറി വാർഡുകളുടെ വരാന്തയിൽ ഉടനീളം കൂട്ടിരിപ്പുകാരാണ്. കൊവിഡ് ഭീഷണിയും വർദ്ധിച്ചിട്ടുണ്ട്. ജനറൽ മെഡിസിൻ,സർജറി രോഗികളെ പ്രവേശിപ്പിക്കുന്ന 1,2,3,4,14,28 വാർഡുകളിലായി ഇരട്ടിയിലധികം ആളുകളാണ് കഴിയുന്നത്. ഈ ആറു വാർഡുകളിലായി പരമാവധി 445 പേരെ പ്രവേശിപ്പിക്കാമെന്നിരിക്കെ 900ത്തോളം രോഗികളുണ്ട്.
തിരിച്ചയച്ച് വലയ്ക്കും!
മെഡിക്കൽ കോളേജിലെത്തുന്ന രോഗിക്ക് ആവശ്യമായ പരിശോധനകൾ നടത്തി സാരമായ പ്രശ്നമില്ലെന്ന് കണ്ടെത്തിയാൽ വീടിന് സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് അയയ്ക്കും. നിർദ്ദേശിക്കുന്ന മരുന്നും കുത്തിവയ്പ്പും നൽകി നിശ്ചിത മണിക്കൂറിനു ശേഷം വിട്ടയക്കാമെന്ന കുറിപ്പടിയും നൽകും. എന്നാൽ ഇതുമായി എത്തുമ്പോൾ ഇവിടെ കിടക്കയില്ലെന്നും പറഞ്ഞുവിട്ട മെഡിക്കൽ കോളേജിലേക്കു തന്നെ തിരികെ പോകണമെന്നും പറഞ്ഞ് രോഗികളെയും കൂട്ടിരിപ്പുകാരെയും വലയ്ക്കാനും ജില്ലാ,ജനറൽ,താലൂക്ക് ആശുപത്രിയിലുള്ളവർ മത്സരിക്കുന്നതായും ആക്ഷേപമുണ്ട്.
വാർഡുകൾ, കിടക്കകൾ,അഡ്മിറ്റാകുന്ന രോഗികൾ (ശരാശരി) എന്നക്രമത്തിൽ.
1.........................75...................190
2........................70....................220
3.......................80.....................155
4.......................70.....................135
14................. ...60......................75
28.....................90.....................120
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |