പൂൾ നിർമ്മിച്ചത് എച്ച്.എ.എൽ ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണത്തിൽ ക്രമക്കേടും അപാകതയും
കാസർകോട്: അപാകതയും ക്രമക്കേടുമുണ്ടെന്ന ആരോപണത്തിന് പിന്നാലെ എച്ച്.എ.എൽ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാസർകോട് വിദ്യാനഗറിലെ സെമി ഒളിമ്പിക്സ് സ്വിമ്മിംഗ് പൂളിൽ വിജിലൻസ് സംഘം പരിശോധന നടത്തി. വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഒന്നര കോടി രൂപ ചിലവിൽ നിർമ്മിച്ച സ്വിമ്മിംഗ് പൂളാണ് കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണനും സംഘവും ഇന്നലെ പരിശോധിച്ചത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി അനന്തര നടപടി കൈക്കൊള്ളുമെന്നും ഡിവൈ.എസ്.പി വി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ വിഷ്ണുദാസ്, എൽ.എസ്.ജി.ഡി അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ സുനിത, വിജിലൻസ് എസ്.ഐ.രാധാകൃഷ്ണൻ, എ.എസ്.ഐ ജയചന്ദ്രൻ, റിജേഷ്, ശ്രീജിത്ത് എന്നിവരും പരിശോധകസംഘത്തിൽ ഉണ്ടായിരുന്നു.
ഒന്നരക്കോടിയുടെ കുളം; ഇറങ്ങിയാൽ ഷോക്ക്
നിർമ്മിതി കേന്ദ്രം പണി പൂർത്തിയാക്കിയ നീന്തൽക്കുളത്തിൽ ഇലക്ട്രിക്കൽ വയറിംഗ് സംവിധാനം തകരാറിലായ മോട്ടോർ കത്തിപോവുകയും നീന്തൽക്കുളത്തിന്റെ ചുമരുകളിൽ നിന്ന് പോലും ഷോക്കേൽക്കുകയും ചെയ്തിരുന്നു. നീന്തൽക്കുളത്തിൽ എത്തിയ കുട്ടികൾക്ക് വരെ ഷോക്കടിച്ചതിനെ തുടർന്ന് ആറു മാസമായി സ്വിമ്മിംഗ് പൂൾ അടച്ചിട്ടിരിക്കുകയാണ് നീന്തൽക്കുളത്തിൽ റീവയർ പൂർത്തിയാക്കാൻ നിർമ്മിതി കേന്ദ്രയോട് വീണ്ടും ആവശ്യപ്പെട്ടിരുന്നു.
ജില്ലാ കളക്ട്രേറ്റാണ് നീന്തൽക്കുളം നിർമ്മാണം നിരീക്ഷിച്ചിരുന്നത്. കുളത്തിന്റെ നടത്തിപ്പ് ചുമതല കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലിനും ആയിരുന്നു.
ഉപ്പള മീൻ മാർക്കറ്റിലും വിജിലൻസ് റെയ്ഡ്
ആറു വർഷമായി ലേലമില്ലാതെ സ്വകാര്യ വ്യക്തിക്ക് നൽകി മീൻ മാർക്കറ്റ് നടത്തിപ്പ് വിട്ടുകൊടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ
മംഗൽപാടി ഗ്രാമ പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള ഉപ്പളയിലെ ഫിഷ് മാർക്കറ്റിലും കാസർകോട് വിജിലൻസ് റെയ്ഡ് നടത്തി.
സംഭവത്തിൽ വൻ അഴിമതിയുണ്ടെന്ന പരാതിയിലാണ് വിജിലൻസ് ഇൻസ്‌പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. നേരത്തെ മാർക്കറ്റ് പൊതുവായി ലേലം വിളിച്ചാണ് നടത്തിപ്പ് അവകാശം നൽകിയിരുന്നത്. റെയ്ഡിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |