കോഴിക്കോട്: ചിത്രം വരയ്ക്കാൻ ഔഷധസസ്യമായ പതിമുഖ വർണവുമായി സി.കെ.ഷിബുരാജ്. ചീളും പൊടിയുമാക്കി അരച്ചും അരിച്ചുമെടുത്താണ് ഒന്നര മാസത്തോളം നീളുന്ന പരിശ്രമത്തിലൂടെ നിറങ്ങളൊരുക്കുന്നത്. പിന്നീട് പലതരം പേപ്പറുകൾ, തുണികൾ, ക്യാൻവാസ് എന്നിവയിലേക്ക് ചിത്രങ്ങളായി വിരിയുന്നു. പ്രകൃതിസ്നേഹമാണ് പ്രചോദനമെന്ന് ഷിബുരാജ് പറയുന്നു. ചിത്രങ്ങളിലും പ്രകൃതിദൃശ്യങ്ങളാണ് കൂടുതൽ. മാവൂർ കായലം ചെരിയാട് കുന്നത്ത് വീട്ടിൽ ഷിബുരാജിന്റെ പതിമുഖ ചിത്ര പരീക്ഷണം ഇന്ത്യയിൽ ആദ്യമാണ്. നാല് വർഷമായി ഈ രീതി തുടങ്ങിയിട്ട്. കേരളത്തിനകത്തും പുറത്തുമായി നടത്തിയ പ്രദർശനങ്ങൾ ചിത്രകാരന്മാരുടെയടക്കം ശ്രദ്ധ നേടി. കോഴിക്കോട്ടെ ഒരു ജുവലറിയിൽ വിൽപ്പന വിഭാഗത്തിലാണ് ജോലി. കോഴിക്കോട് സ്വാതിതിരുനാൾ കലാകേന്ദ്രയിൽ മൂന്നുവർഷത്തോളം ചിത്രരചന പഠിച്ചു. പതിമുഖ വർണത്തിൽ മാത്രം വരച്ച, കടുംവർണ്ണങ്ങളുള്ള 40 ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട് ഗുരുകുലം ആർട് ഗ്യാലറിയിൽ നടക്കുകയാണ്.
ഇലച്ചായത്തിലും ചിത്രങ്ങൾ
സ്കൂൾ പഠനകാലത്തുതന്നെ ചിത്രം വരയിൽ താത്പര്യമുള്ള ഷിബുരാജ് ഇലച്ചായമുപയോഗിച്ചും ഒന്നര പതിറ്റാണ്ടോളം വരച്ചിട്ടുണ്ട്. തുളസി, ആര്യവേപ്പ്, മഞ്ഞൾ, തേയില, തേക്കിൻ തളിരില, മെെലാഞ്ചി തുടങ്ങിയവ പൊടിച്ചും അരച്ചുമാണ് ചായമുണ്ടാക്കിയത്. ഔഷധസസ്യ വർണങ്ങൾ കൊണ്ട് ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ ഛായാചിത്രം വരച്ചതിന് യൂണിവേഴ്സൽ റെക്കാഡ് ഫോറത്തിന്റെ ദേശീയപുരസ്കാരം കിട്ടിയിട്ടുണ്ട്. മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പതിമുഖം
ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള ഔഷധസസ്യമാണ് പതിമുഖം. ധാരാളം ആൻറി ഓക്സിഡൻറുകളുണ്ട്. കുചന്ദനം, ചപ്പങ്ങം എന്നും അറിയപ്പെടുന്നു. സിസാൽ പീനിയ സപ്പാൻ എന്നാണ് ശാസ്ത്രീയ നാമം. പതിമുഖ പാനീയം പ്രസിദ്ധമാണ്. തെക്കുകിഴക്കൻ ഏഷ്യയാണ് ജന്മദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |